ദോഹ: ഫുട്ബാളിനെ സ്നേഹിക്കുന്ന മലയാളികൾക്കെല്ലാം അഭിമാനമാണ് കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിനി ഹാദിയ. ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റിയുടെ അതിഥിയായെത്തി ഫുട്ബാൾ ഇതിഹാസം കഫുവും ടിം കാഹിലും റൊണാൾഡ് ഡിബോയറും ഉൾപ്പെടെ വിശ്വതാരങ്ങൾക്കൊപ്പം പന്തു തട്ടിയ ഹാദിയ ഇതിനകംതന്നെ താരമായതുമാണ്. ഖത്തർ വേദിയായ ഇൻഫ്ലുവൻസർ കപ്പിൽ ഏഷ്യൻ ടീമിനുവേണ്ടി പന്ത് തട്ടാനെത്തിയാണ് ഫ്രീസ്റ്റൈൽ ഫുട്ബാളറായ ഹാദിയ കഴിഞ്ഞ മാർച്ച് അവസാനത്തിൽ ശ്രദ്ധനേടിയത്. ഇപ്പോഴിതാ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെതന്നെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും ഹാദിയ താരമാവുന്നു. ലോകകപ്പ് ഒരുക്കങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന 'റോഡ് ടു 2022' എന്ന സമൂഹമാധ്യമ പേജിലാണ് ഇപ്പോൾ ഹാദിയയുടെ പ്രകടനം കാൽപന്ത് ലോകം ശ്രദ്ധിക്കുന്നത്.
ഇൻഫ്ലുവൻസർ കപ്പിനായി എത്തിയപ്പോൾ, ഔദ്യോഗിക സംഘത്തിനൊപ്പം ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശിച്ച വേളയിൽ നടത്തിയ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ ഹാദിയതന്നെ വിഡിയോ ആയി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. 974 സ്റ്റേഡിയം, കോർണിഷ്, സൂഖ് വാഖിഫ്, ഒളിമ്പിക് മ്യൂസിയം, കതാറ, ബോക്സ് പാർക്, ലുസൈൽ സ്റ്റേഡിയം എന്നിങ്ങനെ ഖത്തറിന്റെ വിവിധ കോണുകളിൽനിന്ന് പകർത്തിയ പ്രകടനങ്ങൾ ചേർത്ത് സംയോജിപ്പിച്ചായിരുന്നു ഒരു വിഡിയോയായി പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപെട്ട സുപ്രീം കമ്മിറ്റിയുടെ സമൂഹമാധ്യമ വിഭാഗം ബന്ധപ്പെടുകയും വിഡിയോ വാങ്ങി തങ്ങളുടെ പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നെന്ന് ഹാദിയ പറഞ്ഞു. മമ്പാട് എം.ഇ.എസ് കോളജിൽ ബിരുദ വിദ്യാർഥിയായ ഹാദിയ സ്വകാര്യ വിഡിയോ ഷൂട്ടിനായി ഇപ്പോൾ ഖത്തറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.