ദോഹ: പെൺ കരുത്തിന്റെ ആഘോഷമായി ലോകം വനിത ദിനത്തെ വരവേൽക്കുമ്പോൾ ഖത്തറിലെ വനിത രത്നങ്ങൾക്ക് സന്തോഷ വാർത്തയുമായി ഗൾഫ് മാധ്യമം. പ്രവാസ മണ്ണിൽ വിജയഗാഥ കുറിച്ച വനിതകൾക്കുള്ള ആദരവായി ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന ‘ഷി ക്യു എക്സലൻസ് 2025’ പുരസ്കാരമെത്തുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലായി ഖത്തറിലെ പ്രവാസി സമൂഹം ഏറ്റെടുത്ത ‘ഗൾഫ് മാധ്യമം ഷി ക്യു എക്സലൻസ്’ അവാർഡിന്റെ സീസൺ മൂന്ന് ആണ് പുതുമോടിയോടെ വരുന്നത്.
പ്രവാസത്തിലെത്തി പ്രതിഭകൊണ്ട് നേട്ടങ്ങളുടെ കൊടുമുടിയേറിയ വനിത രത്നങ്ങൾക്ക് ആദരമായി ഒരുക്കിയ ‘ഷി ക്യു എക്സലൻസ്’ അവാർഡ് 2022, 2023 എഡിഷനുകൾ ആഘോഷത്തോടെ വരവേറ്റ പ്രവാസികൾക്ക് മൂന്നാം പതിപ്പിലേക്ക് തയാറെടുക്കാം. പുരസ്കാരത്തിനുള്ള നാമനിർദേശം ഉടൻ ആരംഭിക്കും.
കഴിഞ്ഞ സീസണിലേതുപോലെ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഇന്ത്യൻ വനിതകളെയും ഖത്തരി വനിതകളെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ‘ഷി ക്യു എക്സലൻസ്’ പുരസ്കാരം വീണ്ടുമെത്തുന്നത്.
1 )ഗൾഫ് മാധ്യമം ഷി ക്യു 2023 വിജയികൾ ചലച്ചിത്രനടി പാർവതി തിരുവോത്തിനൊപ്പം 2) ഗൾഫ് മാധ്യമം ഷി ക്യു 2022 വിജയികൾ ചലച്ചിത്രനടി മംമ്ത മോഹൻദാസിനൊപ്പം
പൊതുജനങ്ങളിൽനിന്നുള്ള നാമനിർദേശ നടപടികളോടെയാണ് അവാർഡ് തെരഞ്ഞെടുപ്പിന്റെ തുടക്കം. തുടർന്ന് അപേക്ഷകൾ പരിശോധിച്ചത്, വ്യക്തികളുടെ മികവും നേട്ടങ്ങളും വിദഗ്ധ പാനൽ വിലയിരുത്തിയ ശേഷം, ഓരോ വിഭാഗങ്ങളിലെയും ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. ഫൈനലിസ്റ്റുകളിൽനിന്ന് ‘ഷി ക്യു എക്സലൻസ്’ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമായിരിക്കും പിന്നീട്. ഓൺലൈൻ വഴിയാവും വോട്ടെടുപ്പ്. ജൂണിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഷി ക്യു എക്സലൻസ് 2025’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
ഖത്തറിലെ പ്രവാസി സമൂഹത്തിന് പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ടായിരുന്നു പ്രഥമ ഗൾഫ് മാധ്യമം ഷി ക്യു എക്സലൻസ് അവാർഡ് 2022 ജൂണിൽ ദോഹയിൽ അരങ്ങേറിയത്. എട്ട് വിഭാഗങ്ങളിലായി നടന്ന പുരസ്കാരങ്ങളിൽ 700ലേറെ പേർക്കാണ് നാമനിർദേശം ലഭിച്ചത്. എട്ട് കാറ്റഗറികളിൽ 24 പേർ ഫൈനൽ റൗണ്ടിൽ മാറ്റുരച്ച ഓൺലൈൻ വോട്ടിങ്ങിൽ 70,000ത്തോളം പേർ പങ്കെടുത്തു. 2023ൽ 11 വിഭാഗങ്ങളിലായി നിശ്ചയിച്ച പുരസ്കാരത്തിനായി ആയിരത്തോളം നാമനിർദേശം ലഭിച്ചു. ഫൈനൽ റൗണ്ടിൽ 30ഓളം പേർ ഇടം നേടി. ചലച്ചിത്രനടി പാർവതി തിരുവോത്ത് മുഖ്യാതിഥിയായ പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.