ജി.എസ്.എ.എസ് ഗ്രീൻ ബിൽഡിങ് പ്ലാറ്റിനം സർട്ടിഫിക്കറ്റ് ഖത്തർ റെയിൽ പ്രതിനിധികൾക്ക് കൈമാറുന്നു
ദോഹ: പരിസ്ഥിതിസൗഹൃദമായ പ്രവർത്തനമികവിനുള്ള ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി ദോഹ മെട്രോക്കു കീഴിലെ അൽബിദ മെട്രോ സ്റ്റേഷൻ. അൽബിദ പാർക്കിനോടു ചേർന്ന മെട്രോ സ്റ്റേഷനാണ് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് (ഗോർഡ്) പ്ലാറ്റിനം റേറ്റിങ്ങിൽ ജി.എസ്.എ.എഫ് (േഗ്ലാബൽ സസ്റ്റൈനബിലിറ്റി അസസ്മെൻറ് സിസ്റ്റം) അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ റെയിൽ പ്രതിനിധികൾക്ക് ഗോർഡ് സ്ഥാപക ചെയർമാൻ ഡോ. യൂസുഫ് അൽ ഖോർ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് കൈമാറി.
സുസ്ഥിര പ്രവർത്തനത്തിനുള്ള ജി.എസ്.എ.എസ് പ്ലാറ്റിനം സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്ന ഖത്തറിലെ രണ്ടാമത്തെ മെട്രോ സ്റ്റേഷനാണ് അൽ ബിദ. 2022 ഒക്ടോബറിൽ എജുക്കേഷൻ സിറ്റി സ്റ്റേഷനും ഈ അംഗീകാരം ലഭിച്ചിരുന്നു. ഗ്രീൻ ബിൽഡിങ് നിലവാരം നിലനിർത്തിക്കൊണ്ടുള്ള നിർമാണത്തിലും പ്രവർത്തനത്തിലും ഖത്തർ റെയിലിന്റെ സമർപ്പണം പ്രശംസനീയമാണെന്ന് ഡോ. യൂസുഫ് അൽ ഖോർ പറഞ്ഞു.
ദോഹ എക്സ്പോയുടെ വേദിയായ അൽബിദ പാർക്കുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മെട്രോ സ്റ്റേഷനാണ് അൽബിദ. ഹോർട്ടികൾചറൽ എക്സ്പോയുടെ വേദിയിലെ സ്റ്റേഷന് ഗ്രീൻ ബിൽഡിങ് അംഗീകാരം തേടിയെത്തിയതിന്റെ സന്തോഷം പങ്കുവെക്കുന്നതായി ഖത്തർ റെയിൽ ഡയറക്ടർ എൻജിനീയർ അബ്ദുൽ റഹ്മാൻ അൽ മാലികി പറഞ്ഞു. നേരത്തേ ജി.എസ്.എ.എസിന്റെ ഡിസൈൻ ആൻഡ് ബിൽഡ് ഫോർ സ്റ്റാർ സർട്ടിഫിക്കറ്റും നിർമാണ മാനേജ്മെൻറിലെ മികവിന് ക്ലാസ് എ സർട്ടിഫിക്കറ്റും അൽബിദയെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.