ദോഹ: ഖത്തറിന് മേലുള്ള ഉപരോധം തുടരാനുള്ള നീക്കം ഒരു സമൂഹത്തോടുള്ള വ്യക്തമായ വെല്ലുവിളിയാണെന്ന് ഖത്തർ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ.അലി ബിൻ സുമൈഖ് അൽമറി. ജനീവയിൽ നടന്ന വിവിധ യോഗങ്ങളിലാണ് അലി അൽമറി ഇക്കാര്യം പറഞ്ഞത്. ഈ പ്രശ്നത്തിൽ ഇടപെടാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ സമ്മർദ്ദം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂനിയന് കീഴിലുള്ള വിവിധ മനുഷ്യാവകാശ സമിതികളുടെ ഉത്തരവാദപ്പെട്ടവരുമായി ഡോ.അലി അൽമറി ചർച്ച നടത്തി. അന്താരാഷ്ട്ര സംഘടനകൾ, പാർലമെൻറുകൾ, ആഗോള തലത്തിലുള്ള ഫെഡറേഷനുകൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ശക്തമായ പിന്തുണയാണ് ഇത്തരം വിഷയങ്ങളുടെ വിജയം. യൂറോപ്യൻ യൂനിയനും വിവിധ പാർലമെൻറുകളും ഉപരോധത്തിെൻറ തുടക്കം മുതൽ തന്നെ തങ്ങളോടൊപ്പം നിന്നിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി കാരണമായി ഉണ്ടായ പ്രതികൂല സാഹചര്യങ്ങളും ദുരിതങ്ങളും മാനുഷിക വിരുദ്ധ നീക്കങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ ശക്തമായ നീക്കം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്കെതിരായ ഏകപക്ഷീയമായ നടപടികൾ തടയുകയും ഈ പ്രശ്നം ചർച്ച ചെയ്യുന്നതിന് അന്താരാഷ്ട്ര വേദി നിലവിൽ വരണമെന്നുമുള്ള ആവശ്യം യൂറോപ്യൻ യൂനിയൻ മുന്നോട്ട് വെക്കണമെന്നും ഡോ.അലി അൽമറി ആവശ്യപ്പെട്ടു. ഉപരോധം പരിഹരിക്കുന്നതിന് പകരം നീട്ടി കൊണ്ടുപോകാനാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതാകട്ടെ ഇവിടെയുള്ള സ്വദേശികളെയും വിദേശികളെയും ഒരു പോലെ ബാധിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.
അമേരിക്ക ക്യൂബക്ക് മേൽ നടത്തിയ 50 വർഷം നീണ്ട് നിന്ന ഉപരോധം പോലെ ഖത്തറിന് മേൽ ഉപരോധം തുടരുമെന്ന തരത്തിൽ ഉപരോധ രാജ്യങ്ങളിൽ ചിലരുടെ പ്രസ്താവന ആശ്ചര്യജനകമാണെന്ന് ഡോ.അലി അൽമറി അഭിപ്രായപ്പെട്ടു. കുവൈത്ത് നടത്തി വരുന്ന മാധ്യസ്ഥ ശ്രമത്തോട് പോലും പ്രതികരിക്കാത്ത ഉപരോധ രാജ്യങ്ങളുടെ സമീപനം ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മാനുഷികമായ മുഴുവൻ അവകാശങ്ങളും ഹനിക്കുന്ന കുടുംബ ബന്ധങ്ങളെ മുറിച്ച് കളയുന്ന ഈ ഉപരോധം തുടർന്നാൽ ലോക സമൂഹവും പ്രതിക്കൂട്ടിലായിരിക്കുമെന്ന് ഡോ. അലി അൽമറി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.