ദോഹ: ഖത്തറിനെതിരായ സൗദി അറേബ്യ അടക്കമുള്ള അയൽരാജ്യങ്ങളുടെ ഉപരോധവും ഗൾഫ് പ്രതിസന്ധിയും പരിഹരിക്കുന്നതിന് അന്താരാഷ്ട്ര മധ്യസ്ഥതക്ക് രാജ്യം ശ്രമമാരംഭിച്ചതായി വിദേശകാര്യമന്ത്രാലം. അന്താരാഷ്ട്ര കോടതി വഴിയോ മറ്റു അന്താരാഷ്ട്ര സംഘടനകൾ മുഖേനയോ യു.എൻ സ്ഥാപനങ്ങൾ വഴിയോ ഉപരോധമവസാനിപ്പിക്കുന്നതിന് ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ലുൽവ അൽ ഖാതിർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉപരോധത്തിെൻറ പ്രത്യാഘാതം ഗൾഫ് മേഖലയിൽ മുഴുവനും ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഗൾഫ് പ്രതിസന്ധിയും ഖത്തറിനെതിരായ ഉപരോധവും വരുത്തിവെച്ച മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപ്പോർട്ടിൽ ഖത്തർ തൃപ്തരാണെന്നും റിപ്പോർട്ട് സമഗ്രമാണെന്നും നിർണായകമായ വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ അവർ വിശദീകരിച്ചു. ഉപരോധം ഏഴുമാസം പിന്നിടുന്ന സമയത്ത് വന്ന യു.എൻ റിപ്പോർട്ട് നിയമനടപടിയുമായി മുന്നോട്ട് പോകുന്ന ഖത്തറിെൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കുള്ള തെളിവുകൾക്ക് പിൻബലമേകുന്നതാണ് റിപ്പോർെട്ടന്നും അവർ ചൂണ്ടിക്കാട്ടി.
നയതന്ത്ര ചർച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് തന്നെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഉപരോധം മൂലം വിവിധ നിയമലംഘനങ്ങൾക്കിരയായവർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാകേണ്ടതുണ്ടെന്നും ലുൽവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഖത്തറും ഉപരോധരാജ്യങ്ങളും തമ്മിലുള്ള എല്ലാ ആശയ–വാർത്താവിനിമയ മാർഗങ്ങളും ഇപ്പോഴും നിർത്തലാക്കിയിരിക്കുകയാണ്. ലോക രാജ്യങ്ങളുടെ പിന്തുണ തുടക്കം മുതൽ ഖത്തറിനുണ്ട്. മധ്യസ്ഥതയിലൂടെയും ചർച്ചകളിലൂടെയുമാണ് പരിഹാരം കണ്ടെത്തുകയെന്ന ഖത്തറിെൻറ നിലപാടുകൾക്കും ഏറെ അന്താരാഷ്ട്ര പിന്തുണ ലഭിച്ചുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. സമീപ ഭാവിയിൽ തന്നെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിസന്ധിയുടെ തുടക്കം മുതൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പ്രതിസന്ധി പരിഹാരത്തിനായി മുന്നിലുണ്ടെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.