ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി

ഗസ്സ: യുദ്ധം പൂർണമായി അവസാനിപ്പിക്കാനാണ് ശ്രമം -പ്രധാനമന്ത്രി

ദോഹ: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ എന്നതിനപ്പുറം, യുദ്ധം പൂർണമായും അവസാനിപ്പിക്കാനാണ് ഖത്തറിന്റെ ശ്രമമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. രാഷ്ട്രീയപരിഹാരത്തിലൂടെ ഫലസ്തീൻ ജനതക്ക് ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് പ്രതിവിധി.

ഇനിയൊരിക്കലും ഒരു ആക്രമണം ആവർത്തിക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം -​അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഹമാസ് ഓഫിസ് പ്രതിനിധികളുമായി ബന്ധപ്പെട്ടാണ് വെടിനിർത്തൽ ഉൾപ്പെടെ തങ്ങളുടെ ചർച്ചകൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ നേതൃത്വം ഗസ്സയിലെ ഹമാസുമായി കൂടിയാലോചിച്ച് വിവരങ്ങൾ കൈമാറുകയാണ് ചർച്ചയുടെ രീതി.

ഖത്തറിലെ ഹമാസ് ഓഫിസിന്റെ സാന്നിധ്യം ഇത്തരത്തിലുള്ള ആശയ വിനിമയങ്ങൾ എളുപ്പമാക്കാൻ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകുന്നുവെന്നു -സി.ബി.എസ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

‘ഫലസ്തീൻ ആര് ഭരിക്കണമെന്നത് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. ​​ഗസ്സയും വെസ്റ്റ്ബാങ്കും ഒന്നായി, ഏകീകൃതമായൊരു നേതൃത്വത്തിൽ രാഷ്ട്രമായി മാറണം’ -ചോദ്യത്തിന് മറുപടിയായി ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, ഗസ്സ യുദ്ധത്തിലെ പടിഞ്ഞാറൻ ലോകത്തിന്റെ നിലപാട് ഏറെ നിരാശപ്പെടുത്തിയെന്ന് ‘ഫിനാൻഷ്യൽ ടൈംസിന്’ നൽകിയ അഭിമുഖത്തിൽ ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് നേതൃത്വത്തിൽ ഇസ്രായേലിലെ സിവിലിയൻസിനെതിരെ നടത്തിയ ആക്രമണത്തെ ഞങ്ങൾ ഉൾപ്പെടെ അപലപിച്ചിരുന്നു.

എന്നാൽ, ഇസ്രായേൽ കഴിഞ്ഞ ഏഴ് ആഴ്ചകളിലായി നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങൾ നിശ്ശബ്ദത പാലിക്കുന്നത് നിരാശപ്പെടുത്തുന്നു. എല്ലാ വിഭാഗക്കാരുടെയും ജീവൻ വിലപ്പെട്ടതാണ്. ഫലസ്തീനിയോ ഇസ്രായേലുകാരനോ യുക്രെയ്നിയനോ റഷ്യനോ എന്നതിനപ്പുറം എല്ലാവും മനുഷ്യരാണ് -ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു. 

Tags:    
News Summary - Gaza: Efforts are being made to end the war completely - Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.