ദോഹ: പുനരുപയോഗിക്കാവുന്നതും ജൈവവുമായ മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി ദോഹയിലെ ഏഴ് പ്രദേശങ്ങളിൽ കൂടി പ്രത്യേക കണ്ടെയ്നറുകൾ വിതരണം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മാലിന്യം ഉറവിടത്തിൽനിന്നും വേർതിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നത്.
ഫരീജ് അബ്ദുൽ അസീസ്, അൽ അസീരി, റൗദത് അൽ ഖൈൽ, അൽ മുൻതസ, ന്യൂ സലത, അൽ ദുഹൈൽ, മദീന ഖലീഫ എന്നിവിടങ്ങളിലാണ് പുനരുപയോഗിക്കാവുന്ന വസ്തുക്കൾക്കായി നിശ്ചയിച്ചിട്ടുള്ള നീല കണ്ടെയ്നറുകൾ വിതരണം ചെയ്യുക.
നേരത്തെ, ലെജ്ബൈലാത്ത്, ഹസം അൽ മർഖിയ, അൽ ഖസ്സാർ എന്നിവിടങ്ങളിൽ ഈ പദ്ധതി നടപ്പാക്കുകയും നീല കണ്ടെയ്നറുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇവിടെ പുനരുപയോഗിക്കാവുന്ന വസ്തുക്കൾക്കായി 934 നീല കണ്ടെയ്നറുകൾക്ക് പുറമെ ജൈവ മാലിന്യങ്ങൾക്കായി ചാര നിറത്തിലുള്ള കണ്ടെയ്നറുകളും വിതരണം ചെയ്തു.
മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട കണ്ടെയ്നറുകളിൽ തന്നെ സംസ്കരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രാലയത്തിന് കീഴിലെ പൊതു ശുചീകരണ വകുപ്പ് അഭ്യർഥിച്ചു.
ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകൾ, ലോഹങ്ങൾ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളാണ് നീല കണ്ടെയ്നറുകളിൽ നിക്ഷേപിക്കേണ്ടത്. അതേസമയം, ഭക്ഷ്യാവശിഷ്ടങ്ങളും ശുചീകരണ സാമഗ്രികളും ചാര നിറത്തിലുള്ള കണ്ടെയ്നറുകളിൽ സംസ്കരിക്കണം. പ്രാരംഭ ഘട്ടത്തിൽ ഉറവിട മാലിന്യം വേർതിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ദോഹയിൽ 2025 വരെ നീണ്ടുനിൽക്കുകയും എല്ലാ വീടുകളിലേക്കും എത്തിക്കുമെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
ഉംസലാൽ, അൽ ദആയിൻ, അൽഖോർ, അൽഷമാൽ എന്നിവിടങ്ങളിൽ 2026ലായിരിക്കും പദ്ധതി ആരംഭിക്കുക. 2027 അവസാനത്തോടെ റയ്യാൻ, അൽ വക്റ, അൽ ഷീഹാനിയ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. 2019ലാണ് മാലിന്യം അതിന്റെ ഉറവിടത്തിൽനിന്നും വേർതിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. ഇതിൽ സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളുമാണ് ഉൾക്കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.