ദോഹ: അതിവേഗത്തിൽ മാറുന്ന ലോകത്ത്, ഭാവിയുടെ വാഹന സാങ്കേതികത എന്തായിരിക്കും. കൗതുകവും അതിശയകരവുമായ ഒരുപിടി ആശയങ്ങൾ പങ്കുവെക്കുന്നതായിരുന്നു ‘ജിംസ് ഖത്തർ’ ന്റെ ഭാഗമായി ഖത്തർ നാഷനൽ മ്യൂസിയത്തിൽ നടന്ന ഫ്യൂച്ചർ ഡിസൈൻ ഫോറം.
അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓട്ടോമൊബൈൽ വിദഗ്ധർ ഒന്നിച്ച വേദിയിൽ 30 വർഷത്തിനപ്പുറത്തെ വാഹനലോകം പ്രവചനാതീതമായ മാറ്റങ്ങളുടേതായിരിക്കുമെന്ന് പറഞ്ഞുവെക്കുന്നു. 2050ലും അതിനുശേഷവും കാറുകൾ എങ്ങനെയായിരിക്കുമെന്ന വിശകലനത്തോടെ ആഡംബര, സൂപ്പർ കാറുകൾക്കായുള്ള ധീരമായ പുതിയ പുതിയ ഡിസൈനുകൾ ഫോറത്തിൽ പങ്കെടുത്തവർ മുന്നോട്ടുവെച്ചു.
ഫ്രാങ്ക് സ്റ്റീഫൻസൺ ഡിസൈനിന്റെ ക്രിയേറ്റിവ് ഡയറക്ടറായ സ്റ്റീഫൻസൻ ഫോറത്തിലെ മുഖ്യ പ്രഭാഷകനായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ വാഹനങ്ങൾക്ക് പിന്നിലെ സർഗാത്മക പ്രതിഭയെന്നാണ് സ്റ്റീഫൻസണിനെ വിശേഷിപ്പിക്കുന്നത്. ഫോറത്തിൽ ദി കാർ ഇൻ 2050 ആൻഡ് ബിയോണ്ട് എന്ന തലക്കെട്ടിൽ സംസാരിച്ച സ്റ്റീഫൻസൺ, ഭാവിയിലെ കാറുകൾ ഇപ്പോഴത്തെ കാഴ്ചപ്പാടിനും സ്വപ്നങ്ങൾക്കും അപ്പുറമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഭാവിയിൽ കാറുകൾ എങ്ങനെയായിരിക്കുമെന്ന് ഞാൻ പറയുമെന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുത്. എനിക്ക് ഒരു ആശയവും ഇല്ല. തീർച്ചയായും ഒരു കാര്യം പറയാം, ആവേശകരമായ ഒരു ഭാവിയായിരിക്കും കാറുകൾക്കുണ്ടായിരിക്കുക’- അദ്ദേഹം വ്യക്തമാക്കി.സ്വയം ഉണർത്തുന്ന ഒരു ഭാവി വിഭാവനം ചെയ്യുകയെന്നതാണ് ഡിസൈനുകളുടെയും ഡിസൈനർമാരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പിനിൻഫരിനയിലെ ചീഫ് ക്രിയേറ്റിവ് ഓഫിസർ ഫെലിക്സ് കിൽബെർട്ടസ്, ബെൻറ്ലി മോട്ടോഴ്സിലെ പ്രധാന ഇൻറീരിയർ ഡിസൈനർ യുവ ക്വാങ് നാം, റോയൽ കോളജ് ഓഫ് ആർട്ടിലെ ചെയറും അധ്യക്ഷനുമായ ഡെയ്ൽ ഹാരോ, ഹാർഡ്ലൈൻ 27 എൽ.എൽ.സി സ്ഥാപക/ഡിസൈൻ മേധാവി സാഷാ സെലിപനോവ് തുടങ്ങിയ പ്രമുഖർ ഫോറത്തിലെ പാനൽ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.