ദോഹ: ഖത്തറിൽനിന്ന് ജപ്പാനിലേക്ക് പ്രതിവർഷം 30 ലക്ഷം ടൺ എൽ.എൻ.ജി വിതരണം ചെയ്യുന്നതിനായി ഖത്തർ എനർജി ജപ്പാൻ കമ്പനിയായ ജേറയുമായി 27 വർഷത്തെ വിൽപന കരാറിൽ ഒപ്പുവെച്ചു. ദോഹയിൽ നടക്കുന്ന 21ാമത് അന്താരാഷ്ട്ര എൽ.എൻ.ജി കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാഗമായാണ് സുപ്രധാന കരാറിൽ ഒപ്പിട്ടത്. കരാർ പ്രകാരം എൽ.എൻ.ജി 2028 മുതൽ വിതരണം ആരംഭിക്കും. ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി, ജേറ ഗ്ലോബൽ സി.ഇ.ഒയും ചെയർമാനുമായ യുകിയോ കാനി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ഇരു കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ജപ്പാൻ ആസ്ഥാനമായുള്ള ഊർജ കമ്പനിയാണ് ജേറ. ഇന്ധന സംഭരണം, വൈദ്യുതി ഉത്പാദനം, ഗ്യാസ് വിതരണം തുടങ്ങി ഊർജ മേഖലയുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. നിലവിൽ ജപ്പാനിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കമ്പനികളിലൊന്നായ ജേറ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ധന കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. ആഗോള എൽ.എൻ.ജി മേഖലയിലെ പ്രമുഖരായ ജേറയുമായുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി പറഞ്ഞു. 1990കളുടെ തുടക്കത്തിൽ ആരംഭിച്ച ഈ സഹകരണം ഇരു കമ്പനികൾക്കിടയിലുള്ള ദൃഢമായ ബന്ധത്തിന്റെയും സുരക്ഷിതവും വിശ്വസനീയവുമായ എൽ.എൻ.ജി വിതരണത്തിലൂടെയും ആർജിച്ചതാണ്. ജപ്പാന്റെ ദീർഘകാല ഊർജ ആവശ്യങ്ങളെ കരാരിലൂടെ ഉറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.