ദേവദാസിയുടെ പോസ്റ്റർ
ദോഹ: ദൃശ്യകലയുടെ ലോകത്ത് ആരും കൈവെക്കാത്തൊരു മേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുകൊണ്ട് ഖത്തറിൽ നിന്നുള്ള ഒരു കൂട്ടം പ്രവാസി കലാകാരന്മാർ.
റേഡിയോ നാടകമായി തയാറാക്കിയ സൃഷ്ടിയെ ലോകത്തെത്തന്നെ ആദ്യ സിനിമാറ്റിക് ഗ്രാഫിക് നോവലായി അവതരിപ്പിച്ചുകൊണ്ട് കാലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ് ഖത്തറിൽ നിന്നുള്ള ‘ദേവദാസി’യും പിന്നണി പ്രവർത്തകരും. കഴിഞ്ഞ വർഷം ഖത്തറിലെ റേഡിയോ സുനോ നടത്തിയ റേഡിയോ നാടക മത്സരത്തിൽ പങ്കെടുത്ത് മികച്ച സംവിധാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ പ്രജിത് രാമകൃഷ്ണന്റെ ‘ദേവദാസി’യാണ് ചിത്രങ്ങളിലൂടെ കഥപറഞ്ഞുകൊണ്ട് കാഴ്ചക്കാരുടെ മുന്നിലെത്തുന്നത്. ഒരാഴ്ച മുമ്പ് യൂട്യൂബ് വഴി റിലീസ് ചെയ്ത ദേവദാസി ചിത്ര സിനിമ 80,000ത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്.
ഖത്തറിലെ കലാസാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമായ ആരതി പ്രജിത്, പ്രജിത് രാമകൃഷ്ണൻ, വിനോദ് കുമാർ എന്നിവർ രചന നിർവഹിച്ച കഥയുടെ സംവിധാനം നിർവഹിച്ചത് പ്രജിത് രാമകൃഷ്ണനാണ്. ശബ്ദനാടകമായി കേൾവിക്കാരിലെത്തി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ശേഷം എങ്ങനെ കൂടുതൽ പേരിലെത്തിക്കാമെന്ന ചിന്തയിൽ നിന്നാണ് പുതിയ പരീക്ഷണത്തിന് മുതിർന്നതെന്ന് പ്രജിത് രാമകൃഷ്ണൻ പറഞ്ഞു.
നിർമിത ബുദ്ധിയിൽ തീർത്ത ചിത്രങ്ങളുമായി പൂർത്തിയാക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, പിന്നീട് പദ്ധതി മാറ്റി. നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അവതരിപ്പിച്ച്, അവ ചിത്രങ്ങളാക്കി പകർത്താനുള്ള ശ്രമമായി. ശബ്ദം നൽകിയവർ തന്നെ വേഷങ്ങളണിഞ്ഞ് കാമറക്ക് മുന്നിലെത്തി. അവയെ പകർത്തിയ ശേഷം, പശ്ചാത്തല ചിത്രങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ പൂർത്തിയാക്കി ദൗത്യം പൂർത്തിയാക്കുകയായിരുന്നു. ഓരോ സീനിലെയും കഥാപാത്രങ്ങളുടെ പശ്ചാത്തല ചിത്രങ്ങൾ മൂന്ന് മാസംകൊണ്ട് നിർമിച്ച് പൂർത്തിയാക്കുകയായിരുന്നു. ദോഹയിലെ 21 പേർ അഭിനേതാക്കളായെത്തിയാണ് ആരജീത്ത് ക്രിയേഷൻസിനു കീഴിൽ നിർമാണം പൂർത്തിയാക്കിയത്.
ദേവദാസി ഗ്രാഫിക് സിനിമയുടെ അണിയറ പ്രവർത്തകർ ദോഹയിൽ വാർത്തസമ്മേളനത്തിൽ
5000ത്തിലേറെ ചിത്രങ്ങൾ സിനിമക്കായി എടുത്ത ശേഷം, അവയിൽ നിന്നും കഥാപാത്രങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുത്ത് സ്ഥാപിക്കുകയായിരുന്നുവെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു. ഭരതനാട്യം പഠിക്കാൻ താൽപര്യമുള്ള ആൺകുട്ടി, സഹോദരിയുടെ ഓൺലൈൻ ക്ലാസുകളിലൂടെ നൃത്തത്തിന് പിന്നാലെ കൂടുന്നതും, ഇത് കുടുംബത്തിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളുമെല്ലാം ചേരുന്നതാണ് ദേവദാസി കഥ. കലയിൽ ലിംഗഭേദമില്ലെന്ന് സമൂഹത്തിന് സന്ദേശം നൽകുകയാണ് ദേവദാസിയെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു.
വിഷ്ണുദേവ് സുരേഷ്, ആരതി പ്രജിത്, ആദ്യ പ്രജിത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമണിഞ്ഞു. ദോഹയിലെ നാടക, സാംസ്കാരിക പ്രവർത്തകരായ കമലകുമാർ, സതീശൻ തട്ടത്, അടുത്തിടെ അന്തരിച്ച വസന്തൻ പൊന്നാനി, കെ.ആർ ജയരാജ്, ഡോ. സൂസദിമ സൂസൻ, അനുമോദ്, ഹിത അനുമോദ്, രതീഷ് കുമാർ, അനൂപ് മേനോൻ, ഗോപൽ റാവു, നിജി പത്മ ഘോഷ്, സിദ്ദിഖ് സിറാജ്, വിമൽകുമാർ മാണി എന്നിവരും വിവിധ വേഷങ്ങളിലെത്തി. 31 മിനിറ്റിൽ പൂർത്തിയാക്കിയ ചിത്രം ഇതിനകം തന്നെ ഖത്തറിലെയും കേരളത്തിലെയും കാഴ്ചക്കാരുടെ പ്രശംസയും പിടിച്ചുപറ്റി.
കലാം വേൾഡ് റെക്കോഡിന്റെ ആദ്യ ഗ്രാഫിക് നോവൽ എന്ന നേട്ടവും ‘ദേവദാസി’യെ തേടിയെത്തിയതായി അണിയറ പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.