ദോഹ: കാൽപന്തു ലോകം കാത്തിരിക്കുന്ന നിമിഷങ്ങൾക്ക് വേദിയാകാൻ ഒരുങ്ങി ദോഹ. നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫിഫ അറബ് ലോകകപ്പിന്റെയും മത്സരചിത്രം ഇന്ന് ഖത്തറിൽ വ്യക്തമാകും. ഞായറാഴ്ച രാത്രി എട്ടു മുതൽ ലുസൈലിലെ റാഫിൾസ് ഹോട്ടലിൽ ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളും ഫിഫ മേധാവികളും, മുൻ ഖത്തരി താരങ്ങളും മുതൽ ടൂർണമെന്റിൽ മാറ്റുരക്കുന്ന ഒരുപിടി പ്രതിഭകളും സാക്ഷിയാവുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നറുക്കെടുപ്പ്.
2022 ഫിഫ ലോകകപ്പും 2024 ജനുവരിയിലെ ഏഷ്യൻ കപ്പ് ഫുട്ബാളും ഉൾപ്പെടെ വമ്പൻ മേളകൾക്ക് വിജയകരമായി ആതിഥ്യമൊരുക്കിയ ഖത്തറിന്റെ മണ്ണിലെത്തുന്ന മറ്റൊരു വിശ്വമേളയാണ് അണ്ടർ 17 ലോകകപ്പ്. ഇതോടൊപ്പം അറബ് മേഖലയുടെ കളിയുത്സവമായ അറബ് കപ്പ് കൂടി അരങ്ങേറുമ്പോൾ ഖത്തറിലെ ആരാധകരെ കാത്തിരിക്കുന്നത് വീണ്ടുമൊരു ഫുട്ബാൾ ആവേശത്തിന്റെ നവംബർ -ഡിസംബർ കാലം.
നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ വേദിയാകുന്നത്. ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് എത്തുന്നത്. ടീമുകളുടെ എണ്ണം 48 ആയതും രണ്ടു വർഷത്തിൽ ഒരിക്കൽ എന്ന നിലയിൽനിന്ന് വാർഷിക ടൂർണമെന്റായി മാറിയതുമെല്ലാം പ്രത്യേകതയാണ്. മുഴുവൻ വൻകരകളിൽ നിന്നുമുള്ള ടീമുകളുടെ യോഗ്യത പോരാട്ടങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
25 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയങ്ങൾ ഉൾപ്പെടെ എട്ടിടങ്ങളിലായി മത്സരങ്ങൾ നടക്കും. നവംബർ 27ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാകും ഫൈനൽ.
ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി
ഏഷ്യയിൽനിന്ന് ആതിഥേയരായ ഖത്തറിനു പുറമെ, അയൽക്കാരായ സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ ഒമ്പത് ടീമുകളാണുള്ളത്. അർജന്റീന, ബ്രസീൽ, യൂറോപ്പിൽനിന്ന് പോർചുഗൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും യോഗ്യരായെത്തിയിട്ടുണ്ട്.
നാല് ടീമുകൾ വീതമടങ്ങുന്ന 12 ഗ്രൂപ്പുകളായാവും മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കും. മികച്ച മൂന്നാം സ്ഥാനക്കാരുടെ നിരയിൽനിന്ന് എട്ടുപേരും നോക്കൗട്ടിലെത്തും. നിലവിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളായി തിരിച്ചാണ് നറുക്കെടുപ്പ്. ആതിഥേയരായ ഖത്തറും, മുൻനിരയിലുള്ള ബ്രസീൽ, ഫ്രാൻസ്, അർജന്റീന ഉൾപ്പെടെ ടീമുകളും നറുക്കെടുപ്പിൽ ഒന്നാം പോട്ടിൽ ഇടം പിടിക്കും. നവംബർ മൂന്നിന് ഖത്തറിന്റെ കളിയോടെയാവും ടൂർണമെന്റിന്റെ കിക്കോഫ്.
പോട്ട് 1: ഖത്തർ, ബ്രസീൽ, ഫ്രാൻസ്, മാലി, ജർമനി, മെക്സികോ, അർജന്റീന, ഇംഗ്ലണ്ട്, ജപ്പാൻ, പരാഗ്വേ, അമേരിക്ക, സെനഗാൾ.
പോട്ട് 2: ദക്ഷിണ കൊറിയ, മൊറോക്കോ, ഉസ്ബെകിസ്താൻ, ഇറ്റലി, ബെൽജിയം, ന്യൂസിലൻഡ്, ചിലി, വെനിസ്വേല, ക്രൊയേഷ്യ, കൊളംബിയ, ഹോണ്ടുറസ്, ബുർകിന ഫാസോ.
പോട്ട് 3: കോസ്റ്ററീക, തജികിസ്താൻ, പാനമ, ഇന്തോനേഷ്യ, വടക്കൻ കൊറിയ, ഐവറി കോസ്റ്റ്, തുനീഷ്യ, ന്യൂ കാലിഡോണിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ, ഹെയ്തി.
പോട്ട് 4: യു.എ.ഇ, പോർചുഗൽ, ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, സ്വിറ്റ്സർലൻഡ്, സാംബിയ, ഈജിപ്ത്, ഉഗാണ്ട, ബൊളീവിയ, സൗദി അറേബ്യ, എൽസാൽവദോർ, ഫിജി.
ദോഹ: ഒരു പതിറ്റാണ്ടോളം കാലം നിലച്ചുപോയ ഫിഫ അറബ് കപ്പ് 2021ലാണ് ഖത്തറിന്റെ മണ്ണിലൂടെ വീണ്ടും പുതുശ്വാസമെടുത്തു തുടങ്ങുന്നത്. നാലുവർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഖത്തറിലൂടെ പുതുമോടിയിൽ സജീവമാകുന്ന അറബ് കപ്പിന്റെ മത്സര ചിത്രവും ഇന്ന് ദോഹയിൽ തെളിയും. ഡിസംബർ ഒന്നുമുതൽ 18 വരെ ഖത്തറിലെ വിവിധ വേദികളിലായാണ് ഏഷ്യ, ആഫ്രിക്ക മേഖലകളിൽനിന്നുള്ള അറബ് ടീമുകൾ കളിയഴകുമായി എത്തുന്നത്. ലോകഫുട്ബാളിലെ ഒരുപിടി പവർഹൗസുകളായ ടീമുകളും ഫുട്ബാളിനെ നെഞ്ചേറ്റിയ ആരാധക സംഘങ്ങളുമായി ഏറെ ശ്രദ്ധേയമാണ് അറബ് കപ്പ്. 2025, 2029, 2033 അറബ് കപ്പിന്റെ വേദികളായി കഴിഞ്ഞ വർഷമാണ് ഖത്തറിനെ തെരഞ്ഞെടുത്തത്.
ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ നേരിട്ട് ടൂർണമെന്റിന് യോഗ്യത നേടിക്കഴിഞ്ഞു. ഏപ്രിലിലെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച എട്ടു സ്ഥാനങ്ങളിലേക്കുള്ള ടീമുകളെ നവംബർ 25, 26 തീയതികളിലായി ഖത്തറിൽ നടക്കുന്ന പ്ലേ ഓഫിലൂടെ തെരഞ്ഞെടുക്കും. ആതിഥേയരായ ഖത്തർ (ഫിഫ റാങ്ക് 55), മൊറോക്കോ (12), ഈജിപ്ത് (32), അൽജീരിയ (36), തുനീഷ്യ (49), സൗദി അറേബ്യ (58), ഇറാഖ് (59), ജോർഡൻ (62), യു.എ.ഇ (65) ടീമുകൾ നേരിട്ട് യോഗ്യത ഉറപ്പാക്കി.
നറുക്കെടുപ്പ് വേദിയായ ലുസൈലിലെ കതാറ ടവർ റാഫിൾസ് ഹോട്ടൽ
ഒമാൻ, ബഹ്റൈൻ, സിറിയ, ഫലസ്തീൻ, മോറിത്താനിയ, ലബനാൻ, സുഡാൻ, ലിബിയ, കുവൈത്ത്, യമൻ, ദക്ഷിണ സുഡാൻ, ജിബൂതി, സോമാലിയ ടീമുകളാണ് പ്ലേ ഓഫിൽ കളിക്കുന്നത്. ഇവരിൽനിന്ന് ഏഴുപേർ കൂടി ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നതോടെ 16 പേരുടെ നിര വ്യക്തമാകും. ഏഷ്യ-ആഫ്രിക്ക മേഖലകളാക്കി തിരിച്ചാണ് പ്ലേ ഓഫ് മത്സര ഷെഡ്യൂൾ തയാറാക്കിയത്. ഏഷ്യയിലെ മുൻനിര റാങ്കുകാർ, ആഫ്രിക്കയിലെ പിൻനിരക്കാരുമായി ഏറ്റുമുട്ടും. ഒമാൻ x സോമാലിയ, ബഹ്റൈൻ x ജിബൂതി എന്നിങ്ങനെയാണ് മത്സരങ്ങൾ.
ഞായറാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ ആദ്യ പോട്ടിൽ ഖത്തർ, അൽജീരിയ, മൊറോക്കോ, ഈജിപ്ത് ടീമുകളാകും. രണ്ടാം പോട്ടിൽ തുനീഷ്യ, സൗദി, ഇറാഖ്, ജോർഡൻ. മൂന്നാം പോർട്ടിൽ യു.എ.ഇയും, മൂന്ന് പ്ലേ ഓഫ് വിജയികളും. നാലാം പോട്ടിൽ പ്ലേ ഓഫിലെ ശേഷിച്ച നാലുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.