ഫി​ഫ അ​റ​ബ് ക​പ്പി​ൽ​നി​ന്ന്

ആവേശത്തിരയേറ്റി ഫിഫ അറബ് കപ്പ്;ക്വാർട്ടർ മത്സരങ്ങൾ ഇന്നും നാളെയും

ദോഹ: അറേബ്യൻ ഫുട്‌ബാളിന്റെ വീറും വാശിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഫിഫ അറബ് കപ്പ് ഫുട്‌ബാൾ മാമാങ്കത്തിന്റെ ആവേശം, നിറഞ്ഞ ഗാലറികളും ഖത്തറിന്റെ ഭൂമിയും ആകാശവും കടന്ന് അതിരുകൾ ഭേദിക്കുകയാണ്. അറബ് ലോകത്തെ 16 ടീമുകൾ ഏറ്റുമുട്ടിയ പോരാട്ടത്തിന്റെ ആദ്യ ഗ്രൂപ്ഘട്ടം അവസാനിച്ചപ്പോൾ, സമ്പന്നമായ അറബ് രാജ്യങ്ങളുടെ സംസ്കാരത്തെയും ഐക്യത്തെയും ഫുട്‌ബാൾ ആവേശത്തെയും പ്രതിഫലിപ്പിക്കുന്നതായി ടൂർണമെന്റ് മാറി. ടൂർണമെന്റിന് ആവേശത്തിരയേറ്റി ക്വാർട്ടർ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. അറബ് ഫുട്ബാളിലെ കരുത്തരായ മൊറോക്കോ, സൗദി അറേബ്യ, ജോർഡൻ, യു.എ.ഇ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ക്വാർട്ടർ യോഗ്യത നേടിയവരിൽ മൊറോക്കോ, സൗദി അറേബ്യ, അൽജീരിയ, ജോർഡൻ തുടങ്ങിയ രാജ്യങ്ങൾ 2026ലെ അമേരിക്കൻ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചവരാണെന്നതും ശ്രദ്ധേയമാണ്.

പ്ലേ ഓഫിലൂടെ അവസാന നിമിഷം അറബ് കപ്പിന് വണ്ടി കയറിയ ഫലസ്തീൻ, സിറിയ എന്നിവർ ക്വാർട്ടർ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഒരു വിജയവും രണ്ട് സമനിലയും നേടി അഞ്ചു പോയന്റുകൾ നേടിയാണ് ഗ്രൂപ്പ് എയിൽനിന്ന് ഇരു ടീമുകളും ഗ്രൂപ്പു ജേതാക്കളായത്. ആദ്യ കളിയിൽ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയാണ് ഫലസ്തീൻ പോരാട്ടം ആരംഭിച്ചത്. സമനില എന്ന് ഉറപ്പിച്ച ടൂർണമെന്റ് അധികസമയത്തേക്ക് നീണ്ടപ്പോൾ കളിയുടെ ഗതിമാറുകയായിരുന്നു. കളിയുടെ അധികസമയത്താണ് ഫലസ്തീൻ വിജയമുറപ്പാക്കിയത്. എന്നാൽ, രണ്ടാം മത്സരത്തിൽ ശക്തരായ തുനീഷ്യയെയും ഫലസ്തീൻ സമനിലയിൽ തളച്ചു. സിറിയയുമായുള്ള ഗ്രൂപ്ഘട്ടത്തിലെ അവസാന മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഫലസ്തീൻ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. അതേസമയം, ആദ്യ കളിയിൽ ശക്തരായ തുനീഷ്യയെ പരാജയപ്പെടുത്തിയും തുടർന്ന് ഖത്തറിനെയും ഫലസ്തീനെയും സമനിലയിൽ തളച്ചുമാണ് സിറിയ ക്വാർട്ടർ യോഗ്യത ഉറപ്പാക്കുന്നത്.

ഒമാനോട് സമനില വഴങ്ങിയെങ്കിലും സൗദി അറേബ്യയെയും അറബ് കപ്പിൽ കന്നി അങ്കത്തിനിറങ്ങിയ കോമറോസിനെയും കീഴടക്കി, പോരാട്ട വീര്യം ചോരാതെ തന്നെയാണ് മൊറോക്കോ ക്വാർട്ടർ യോഗ്യത നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച സൗദി പക്ഷേ, മൊറോക്കോയോട് അടിപതറിയെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ് ഡിയിൽനിന്ന് നാലു തവണ അറബ് കപ്പ് ജേതാക്കളായ ഇറാഖും മുൻ ചാമ്പ്യന്മാരാ‍യ അൽജീരിയയുമാണ് ചാമ്പ്യന്മാരായെത്തിയത്.

മൂന്നു മത്സരങ്ങളും ജയിച്ച് വലിയ പ്രതിസന്ധികളില്ലാതെയാണ് സി ഗ്രൂപ് ജേതാക്കളായി ജോർഡൻ ക്വാർട്ടറിലെത്തിയത്. അതേസമയം, സി ഗ്രൂപ്പിൽനിന്ന് ക്വാർട്ടറിലെത്തിയ യു.എ.ഇ ആദ്യ മത്സരത്തിൽ ജോർഡനോട് 2-1ന് തോൽവി രുചിച്ചാണ് ആരംഭിച്ചത്, അടുത്ത മത്സരത്തിൽ ഈജിപ്തുമായി സമനില നേടി പ്രതീക്ഷകൾ സജീവമാക്കി. തുടർന്ന് അവസാന മത്സരത്തിൽ കുവൈത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് 3-1ന് വിജയിച്ചതോടെയാണ് ക്വാർട്ടർ പ്രവേശനം സാധ്യമായത്. ഗ്രൂപ്ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ അറബ് മേഖലയിലെ ഫുട്ബാൾ കരുത്തരായ ഈജിപ്തും തുനീഷ്യയും പുറത്തായതാണ് എടുത്തുപറയേണ്ടത്. ആതിഥേയരായ ഖത്തറും മറ്റു ജി.സി.സി രാജ്യങ്ങളായ കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവരും സുഡാൻ, കോമറോസ് എന്നീ രാജ്യങ്ങളും പുറത്തായി.

Tags:    
News Summary - FIFA Arab Cup: Quarterfinals today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.