ദോഹ: ആദ്യ രണ്ടു മത്സരങ്ങളിൽ യു.എ.ഇയും കുവൈത്തിനെയും കീഴടക്കിയ കരുത്തുമായി ഈജിപ്തിനെതിരെ കളത്തിലിറങ്ങിയ ജോർഡന് അനായാസ ജയം. എതിരില്ലാത്ത മൂന്നു ഗോളിന് ഈജിപ്തിനെ കീഴടക്കിയ ജോർഡൻ ഗ്രൂപ് ചാമ്പ്യന്മാരായി ക്വാർട്ടർ പ്രവേശനമുറപ്പാക്കി. കളിയുടെ തുടക്കത്തിൽ ഇരു കൂട്ടരും മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറിയെങ്കിലും ഇരു ഗോൾകീപ്പർമാരും മികച്ച സേവുകൾ നടത്തി കൈപ്പിടിയിലാക്കി. മുഹമ്മദ് അബൂഹഷീഷ്, മുഹമ്മദ് അബുസ്രൈഖ്, അഹമ്മദ് ഇർസാൻ, അലി ഹജാബി എന്നിവർ തുടർച്ചയായി ഈജിപ്തിന്റെ ഗോൾവല ലക്ഷ്യമാക്കി നീങ്ങിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.
മറുഭാഗത്ത് അഫ്ഷ, ഹംദി, തൗഫീഖ് എന്നിവരുടെ ശ്രമങ്ങളെ ജോർഡൻ ഗോൾ കീപ്പർ പ്രതിരോധിച്ചു. എന്നാൽ, 19ാം മിനിറ്റിൽ അതിവേഗ മുന്നേറ്റത്തിലൂടെ മുഹമ്മദ് അബൂഹഷീഷ് ആദ്യ ഗോൾ നേടി ജോർഡന്റെ കുതിപ്പിന് ആരംഭമിട്ടു. രണ്ടാമത്തെ ഗോളും നേടി ലീഡ് ഇരട്ടിയാക്കിയാണ് ഇടവേളക്കുവേണ്ടി ജോർഡൻ പിരിഞ്ഞത്. 41ാം മിനിറ്റിൽ ഈജിപ്തിന്റെ പ്രതിരോധ താരത്തെ മറികടന്ന മുഹമ്മദ് അബുസ്രൈഖ് ഗോൾ കീപ്പർ മുഹമ്മദ് ബസ്സാമിനെ വെട്ടിച്ച് മനോഹരമായ ഒരു ഗോൾ വലയിലേക്ക് തട്ടിയിട്ടാണ് ഗോൾ നേടിയത്.
രണ്ടാം പാതിയിൽ ഇഞ്ചുറി ടൈമിൽ, പകരക്കാരനായി ഇറങ്ങിയ അലി ഒൽവാനെ ഫൗൾചെയ്തോടെ ലഭിച്ച പെനാൽറ്റിയിൽ വിജയത്തിന്റെ മൂന്നാം ഗോളും ജോർഡൻ സ്വന്തമാക്കി. ഒൽവാന്റെ പെനാൽറ്റി കിക്കിലൂടെ എതിരില്ലാത്ത മൂന്നോഗോളിന്റെ ഫിനിഷിങ് പൂർത്തിയാക്കി. ജോർഡനോട് പരാജയപ്പെട്ട ഈജിപ്ത് ടൂർണമെന്റിൽനിന്ന് പുറത്തായി. അതേസമയം, കഴിഞ്ഞ ദിവസം ബി ഗ്രൂപ് ഘട്ട മത്സരങ്ങളെല്ലാം അവസാനിച്ചപ്പോൾ മൊറോകോയും സൗദി അറേബ്യയും ക്വാർട്ടറിലേക്ക് പ്രവേശനമുറപ്പാക്കിയിട്ടുണ്ട്. രണ്ട് ജയവും ഒരു സമനിലയും നേടി ഏഴു പോയന്റുമായി മൊറോകോ ആണ് ഗ്രൂപ് ജേതാക്കൾ. ക്വാർട്ടറിൽ സിറിയ ആണ് മൊറോകോക്ക് എതിരാളികളായെത്തുക. ഫലസ്തീൻ സൗദി അറോബ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.