ദോഹ: ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ ആരംഭിച്ച എക്സ്പോ തുർക്കിയിൽ പങ്കെടുക്കുന്നത് തുർക്കിയിൽ നിന്നുള്ള 120 മുൻനിര കമ്പനികളടക്കം 150ലേറെ കമ്പനികൾ. ഖത്തറും തുർക്കിയും തമ്മിലുള്ള ശക്തമായ ബന്ധത്തിെൻറ അടിസ്ഥാനത്തിൽ ഇതാദ്യമായാണ് എക്സ്പോ തുർക്കിക്ക് ദോഹ വേദിയാകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക, വാണിജ്യബന്ധത്തിെൻറ മികച്ച തെളിവാണ് എക്സ്പോയെന്ന് ഉദ്ഘാടന ചടങ്ങിൽ ഖത്തർ ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ പറഞ്ഞു. ഖത്തറിൽ നിന്നുള്ള വ്യാപാരികൾക്കും കമ്പനികൾക്കും തുർക്കി ഉൽപന്നങ്ങളെയും സേവനങ്ങളെയും അടുത്തറിയാനുള്ള സുവർണാവസരം കൂടിയാണ് തുർക്കി എക്സ്പോ. തുർക്കിയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വ്യാപാരികൾക്ക് കൂടിക്കാഴ്ചക്കുള്ള അവസരം കൂടിയാണ് എക്സ്പോയെന്ന് ബിൻ തവാർ കൂട്ടിച്ചേർത്തു.
ഖത്തറിനും തുർക്കിക്കും ഇടയിലുള്ള വ്യാപാരമൂല്യം വർധിച്ചതായി ഖത്തറിലെ തുർക്കി അംബാഡർ ഫിക്റത് ഓസിർ ഇതോടനുബന്ധിച്ച് വ്യക്തമാക്കിയിരുന്നു. നാല് വർഷം മുമ്പ് ഖത്തറിലേക്കുള്ള തുർക്കിയുടെ കയറ്റുമതി മൂല്യം 250 മില്യൻ ഡോളറായിരുന്നുവെങ്കിൽ 2016 അവസാനത്തോടെ 440 മില്യനായി ഉയർന്നിരിക്കുന്നുവെന്നും ഖത്തറിൽ നിന്നും തുർക്കിയിലേക്കുള്ള കയറ്റുമതി മൂല്യം 835മില്യൻ ഡോളറായി ഉയർന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരമൂല്യം ഉടൻ തന്നെ രണ്ട് ബില്യൻ ഡോളറായി ഉയരുമെന്നും ഓസിർ പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ, തുർക്കിയിൽ നിന്നും ഖത്തറടക്കമുള്ള മധ്യപൂർവ–ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള (മിന മേഖല) കയറ്റുമതി വർധിപ്പിക്കുന്നതിന് ഖത്തർ നാഷണൽ കൺവെൻഷൻ സെൻററും തുർക്കിഷ് മീഡിയാ സിറ്റിയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് ആദ്യ തുർക്കി എക്സ്പോക്ക് ഖത്തറിൽ കളമൊരുങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.