യുസേബിയോ
ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലൂയി ഫിഗോക്കും മുമ്പ് പോർചുഗൽ എന്ന കൊച്ചു രാജ്യത്തിന് ലോക ഫുട്ബാൾ ഭൂപടത്തിൽ ഇടം നൽകിയ സൂപ്പർതാരം. അഞ്ചടി ഒമ്പത് ഇഞ്ച് ഉയരത്തിൽ കളത്തിൽ കുതിച്ചുപാഞ്ഞ ആ മനുഷ്യൻ കാൽപന്തു ലോകത്തിന് 'കറുത്ത മുത്തും കരിമ്പുലിയും' ആയിമാറി. പോർചുഗലിന്റെയും ബെൻഫിക ക്ലബിന്റെയും എക്കാലത്തെയും സൂപ്പർ താരമായിരുന്നു യുസേബിയോ.
പോർചുഗൽ കുപ്പായത്തിൽ 12 വർഷം പന്തുതട്ടിയ യുസേബിയോക്ക് ഒരു ലോകകപ്പിൽ മാത്രമാണ് കളത്തിലിറങ്ങാൻ കഴിഞ്ഞത്. എന്നാൽ, അത് മതിയായിരുന്നു ഇതിഹാസ താരത്തിന് മേൽവിലാസം കുറിക്കാൻ. 1966ൽ പോർചുഗൽ ആദ്യമായി ലോകകപ്പിന് യോഗ്യതനേടിയത് യുസേബിയോ എന്ന കരിമ്പുലിയുടെ തോളിലേറിയായിരുന്നു. ആ കുതിപ്പ് ലോകകപ്പിന്റെ സെമിഫൈനലിലും മൂന്നാം സ്ഥാനം എന്ന നേട്ടത്തിലുമെത്തിച്ചത് ചരിത്രം. പിന്നെ, 1986 വരെ കാത്തിരിക്കേണ്ടി വന്നു പോർചുഗലിന് മറ്റൊരു ലോകകപ്പ് കളിക്കാൻ. ഫുട്ബാൾ ലോകത്ത് ഇന്ന് കരുത്തരായ ശക്തികളാണ് ഈ പറങ്കിനാടെങ്കിലും അതിന് നിലമൊരുക്കിയ താരമായിരുന്നു യുസേബിയോ.
2014ൽ തന്റെ 71ാം വയസ്സിൽ ഓർമയായ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ഓർമയായി വിശേഷിപ്പിച്ചത് 1966ൽ ക്വാർട്ടർ ഫൈനലിൽ നോർത്ത് കൊറിയയെ ചുരുട്ടിക്കെട്ടിയ ഒറ്റയാൻ പോരാട്ടത്തെയായിരുന്നു. യുസേബിയോക്ക് മാത്രമല്ല, ലോകഫുട്ബാളിനുതന്നെ ഏറ്റവും വിലപ്പെട്ട മുഹൂർത്തമായി അതു മാറിയെന്നത് ചരിത്രം. അരങ്ങേറ്റക്കാരായെത്തിയ നോർത്ത് കൊറിയയും പോർചുഗലുമായിരുന്നു ഇംഗ്ലണ്ട് ലോകകപ്പിന്റെ കറുത്ത കുതിരകൾ. വമ്പന്മാരെ അട്ടിമറിച്ച് കുതിച്ച ഇരുവരും ക്വാർട്ടറിൽ മുഖാമുഖമെത്തിയതോടെ ആവേശം പരകോടിയിലെത്തി. കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ സ്കോറിങ് തുടങ്ങിയ കൊറിയ, 25 മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടി വിജയമുറപ്പിച്ചു. പിന്നെയായിരുന്നു, കരിമ്പുലിയുടെ തേരോട്ടം. ടീമിന്റെ അതിജീവനം ഒറ്റക്ക് തോളിലേറ്റിയ യുസേബിയോ തുടർച്ചയായി നേടിയത് നാല് ഗോളുകൾ. രണ്ട് പെനാൽറ്റി സഹിതം കൊറിയയെ തരിപ്പണമാക്കി സെമിയിലെത്തി. പക്ഷ, ബോബി ചാൾട്ടന്റെ ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങാനായിരുന്നു വിധി. 'മൂന്ന് ഗോളിന് പിന്നിൽ നിൽക്കുമ്പോഴും തിരിച്ചുവരവ് സാധ്യമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. എങ്കിലും ഒരാൾ തന്നെ നാല് ഗോൾ നേടിയത് ഇന്നും അവിശ്വസനീയമാണ്. ഈ മത്സരം ഞങ്ങൾ എല്ലാവർക്കും വിശേഷപ്പെട്ടതായിരുന്നു. കരിയറിൽ എനിക്കേറ്റവും മികച്ച നിമിഷവും ഈ കളി തന്നെ' -2010ൽ നൽകിയ അഭിമുഖത്തിൽ യുസേബിയോ പറഞ്ഞത് ഇങ്ങനെ.
തയാറാക്കിയത്: കെ. ഹുബൈബ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.