ദോഹ: രാജ്യം കാത്തിരിക്കുന്ന ഫുട്ബോൾ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിെൻറ നവീകരണത്തിന് ശേഷം ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് നാളെ നടക്കുന്ന അമീർ കപ്പ് ഫൈനൽ പോരാട്ടത്തിലേക്ക് സംഘാടകർ പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിനകത്തും പുറത്തും ഒരുക്കിയിരിക്കുന്നത്.
തറാവീഹ് നമസ്കാരം നിർവഹിക്കുന്നതിന് സമയമനുവദിക്കും. വൈകിട്ട് 7.45ന് സ്റ്റേഡിയത്തിനകത്തേക്കുള്ള കവാടങ്ങൾ തുറക്കുമെങ്കിലും രാത്രി 10.15നാണ് പുതുക്കിയ കിക്കോഫ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഫൈനൽ പോരാട്ടം വൈകിച്ചത് മേഖലയിലെ ഗതാഗതം സുഗമമാക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെമിയിൽ അൽ സദ്ദിനെ കീഴടക്കിയ ദുഹൈൽ ക്ലബും ഗറാഫ ക്ലബിനെ കീഴടക്കിയ അൽ റയ്യാനും തമ്മിലാണ് കലാശപ്പോരാട്ടം.
അമീർ കപ്പ് ടൂർണമെൻറ് ഡയറക്ടർ അബ്ദുല്ല അൽ സായി, ലഖ്വിയ(ആഭ്യന്തര സുരക്ഷാ സേന)യിൽ നിന്നുള്ള ക്യാപ്റ്റൻ അബ്ദുല്ല അൽ ഗാനിം, ഖത്തർ ഫുട്ബോൾ അസോസിയേഷൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഖാലിദ് മുബാറക് അൽ കുവാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മത്സരത്തിന് മുമ്പായി ദുഹൈൽ, റയ്യാൻ ടീമുകൾ ഗ്രൗണ്ടിലെത്തി പരിശീലനം നടത്തും. മത്സരത്തിനായുള്ള ടിക്കറ്റുകൾ പ്രതീക്ഷിച്ചതിലേറെ വേഗത്തിലാണ് വിറ്റുപോകുന്നത്.
മത്സരം ആരംഭിക്കുന്നതിന് മുമ്പായി കാണികൾ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കണമെന്ന് ലഖ്വിയ ക്യാപ്റ്റൻ അൽ ഗാനിം പറഞ്ഞു.
മത്സരം കാണുന്നതിനായി നേരത്തെ എത്തുന്നവർക്ക് ഇഫ്താറിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാണികൾക്കും സംഘാടകർക്കും ഓഫീഷ്യൽസിനുമായി ഖത്തർ വിമൻസ് സ്പോർട്സ് ഹാളിലാണ് ഇഫ്താർ.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടം വൈകിട്ട് 6.45ഓടെ തുറന്നു കൊടുക്കും. അൽ റയ്യാൻ ക്ലബിെൻറ ആരാധകർക്ക് 22, 23, 24, 25, 26 ഗേറ്റുകളും 2, 3, 4, 5, 29 ഗേറ്റുകൾ ദുഹൈൽ ആരാധകർക്കുമായാണ് സംവിധാനിച്ചിട്ടുള്ളത്. 11,16 ഗേറ്റുകൾ കുടുംബങ്ങൾക്കും ഗേറ്റ് നമ്പർ 12 ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുണ്ട്. അമീർ കപ്പ് കലാശപ്പോരാട്ടത്തിെൻറ ഭാഗമായി കാണികൾക്കായി നടത്തുന്ന വിവിധമൽസര വിജയികൾക്ക് എട്ട് ആഢംബര കാറുകളും 250ഓളം വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഫൈനലിനിടയിൽ ആദ്യ പകുതിയിലെ ഇടവേളയിലാണ് നറുക്കെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.