ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ ഇന്ത്യൻ എംബസി
അപെക്സ് ബോഡി ഭാരവാഹികളായ ഇ.പി അബ്ദുൽ റഹ്മാൻ (ഐ.എസ്.സി), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്), എ.പി. മണികണ്ഠൻ (ഐ.സി.സി) എന്നിവർ പങ്കെടുക്കുന്നു.
ദോഹ: ഖത്തറിലെ എട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒറ്റക്കെട്ടായ പ്രവർത്തനം വാഗ്ദാനം ചെയ്ത് ഇന്ത്യൻ എംബസി അപെക്സ് ബോഡിയുടെ നിയുക്ത പ്രസിഡന്റുമാർ.
ഒരാഴ്ച മുമ്പ് നടന്ന അപെക്സ് ബോഡി തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.പി മണിക്ണഠൻ (ഇന്ത്യൻ കൾചറൽ സെന്റർ), ഷാനവാസ് ബാവ (ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം), ഇ.പി അബ്ദുൽറഹ്മാൻ (ഇന്ത്യൻ സ്പോർട്സ് സെന്റർ) എന്നിവരെ പങ്കെടുപ്പിച്ച് ഖത്തറിലെ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മൂവരും ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മൂന്ന് ബോഡികളും കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും അടുത്ത രണ്ടു വർഷങ്ങളിലുമെന്നും ഭാരവാഹികൾ പറഞ്ഞു. വരും വർഷങ്ങളിലെ പ്രവർത്തന പരിപാടികളെക്കുറിച്ചും സ്വപ്നംകാണുന്ന പുതു സംരംഭങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇവർ പങ്കുവെച്ചു.
പ്രവാസികളെ ഉൾക്കൊള്ളാവുന്ന ഇന്ത്യൻ കമ്യൂണിറ്റി സെന്റർ, തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഐ.സി.സിയുടെ ഇന്റർ ക്യാമ്പ് മത്സരം, റിമോട്ട് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച ഐ.സി.ബി.എഫ് കോൺസുലാർ ക്യാമ്പുകൾ കൂടുതൽ മേഖലകളിൽ സജീവമാക്കും, ലൈബ്രറി, വിവിധ കായിക പരിപാടികൾ എന്നിവ സംബന്ധിച്ച ആശയങ്ങളെക്കുറിച്ചും മനസ്സ് തുറന്നു.
ഐ.എം.എഫ് പ്രസിഡന്റ് ഓമനകുട്ടൻ പരുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഖീഫ് അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ രതീഷ് നന്ദിയും പറഞ്ഞു.
മണികണ്ഠൻ: ഇന്ത്യൻ കൾചറൽ സെന്ററിനു കീഴിൽ നിലവിൽ ഖത്തറിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ജോബ് പോർട്ടൽ സേവനം ലഭ്യമാണ്. ജോലി അന്വേഷിക്കുന്നവർക്കും, ജോലിക്കാരെ അന്വേഷിക്കുന്ന തൊഴിൽദാതാക്കൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഖത്തറിലെ പ്രമുഖ കമ്പനികളുമായി ചേർന്നാണ് പോർട്ടൽ പ്രവർത്തിക്കുന്നത്.
പരിമിതികൾക്കിടയിലും ഒരു കമ്യൂണിറ്റി സംവിധാനം എന്ന നിലയിൽ പോർട്ടൽ സജീവമാണ്. മറ്റ് അപെക്സ് ബോഡികളുമായി ചേർന്ന് ഇതിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തുക പുതിയ കമ്മിറ്റിയുടെ ലക്ഷ്യമാണ്.
വീട്ടമ്മമാരായി കഴിയുന്ന ഉന്നത യോഗ്യതയുള്ള പ്രവാസി ഇന്ത്യൻ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ ഐ.സി.സി വനിത വിഭാഗത്തിനു കീഴിൽ സ്വപ്ന പദ്ധതിയും ആസൂത്രണത്തിലാണ്.
ഷാനവാസ് ബാവ: ജോലി നഷ്ടപ്പെട്ടവർക്ക് വീണ്ടും ജോലി കണ്ടെത്തുന്നതിനായി ഐ.സി.ബി.എഫ് കരിയർ ക്ലിനിക്കിനു കീഴിൽ ആരംഭിച്ച ‘എംേപ്ലായബിലിറ്റി ക്ലിനിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാസത്തിൽ രണ്ടു തവണ എന്ന രീതിയിൽ നടക്കുന്ന പരിപാടിയിലെ പങ്കാളിത്തവും ശ്രദ്ധേയം.
ഷാനവാസ് ബാവ: എംബസിയുടെ നേതൃത്വത്തിൽ ജി.സി.സിയിൽതന്നെ ആദ്യമായാണ് ലഹരിക്കെതിരെ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ളവരെ ഒന്നിച്ചിരുത്തി ബോധവത്കരണ പരിപാടി ആരംഭിച്ചത്. മികച്ച പ്രതികരണമായിരുന്നു ആ ശ്രമത്തിന് ലഭിച്ചത്.
ഐ.സി.ബി.എഫ് നേതൃത്വത്തിൽ തുടർ കാമ്പയിനുകളുണ്ടാവും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ലഹരിക്കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഡ്രഗ് ഡിറ്റക്ഷൻ ഉപകരണങ്ങൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെടും.
ഇ.പി. അബ്ദുൽറഹ്മാൻ: ഗൾഫ് നാടുകളിലെന്നതിനേക്കാൾ നാടുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കണം.
പ്രവാസികളാവാൻ ഒരുങ്ങുന്നവരും അവരുടെ കുടുംബങ്ങളുമാണ് ലഹരിക്കെണിയെ കുറിച്ച് ബോധവാൻമാരാവേണ്ടത്. ഓരോ യാത്രയിലും സ്വന്തം ലഗേജിന്റെ ഉത്തരവാദിത്തം തങ്ങൾക്കു മാത്രമാണെന്ന ബോധ്യമുണ്ടായിരിക്കണം.
മണികണ്ഠൻ: ഇന്ത്യൻ പ്രവാസികൾക്ക് കമ്യൂണിറ്റി സ്കൂളുകൾ എന്ന ആശയം സാങ്കേതിക വശങ്ങൾകൂടി പഠിച്ച് യാഥാർഥ്യമാക്കണം. ഇന്ത്യൻ എംബസിയാണ് ഇതിന് മുൻകൈയെടുക്കേണ്ടത്.
ഷാനവാസ്: ഖത്തറിലെ ഇന്ത്യൻ പ്രവാസികളിൽ 50,000ത്തിന് താഴെ ആളുകളാണ് ഇതുവരെയായി ഐ.സി.ബി.എഫ് ഇൻഷുറൻസിന്റെ ഭാഗമായുള്ളത്. കൂടുതൽ പേരെ ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ കമ്യൂണിറ്റി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും. ഇതിനു പുറമെ, സാധാരണ പ്രവാസികൾക്കു കൂടി ഉപകാരപ്പെടുന്ന ഒരു പ്രവാസി നിക്ഷേപ പദ്ധതി ആരംഭിക്കാനും ഐ.സി.ബി.എഫ് മുൻകൈയെടുക്കും.
ഐ.സി.ബി.എഫിനും ഐ.സി.സിക്കും കീഴിൽ വ്യത്യസ്തമായ മികച്ച ലൈബ്രറികൾ സജ്ജമാക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വായനമുറി ഉൾപ്പെടെ സൗകര്യത്തോടെയാണ് ഐ.സി.സി ലൈബ്രറി ഒരുക്കുന്നത്. ഇന്ത്യയിൽ നിന്നുൾപ്പെടെ പുസ്തകങ്ങൾ എത്തിച്ച് വിപുലമായ ശേഖരം ലൈബ്രറിയിൽ ഒരുക്കുന്നുണ്ട്.
ഇ.പി. അബ്ദുൽ റഹ്മാൻ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് ഇന്റർ സ്കൂൾ കായിക മേള ഇന്ത്യൻ സ്പോർട്സ് സെന്ററിനു കീഴിൽ നടത്തും.
ഈ വർഷം മുതൽ ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ് ഐ.എസ്.സിയുടെയും സ്കൂളുകളുടെയും വാർഷിക കലണ്ടറിന്റെ ഭാഗമാവും. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഏഷ്യൻ ടൗണിൽ കമ്പവലി, ഖോഖോ, പഞ്ചഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.