ദോഹ: രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമായി ഇലക്ട്രിക് സെൽഫ് ഡ്രൈവിങ് ടാക്സി സർവിസ് ആരംഭിച്ച് ഗതാഗത മന്ത്രാലയം. ഡ്രൈവറില്ലാ ടാക്സിയായ കർവ ഇലക്ട്രിക് റോബോടാക്സിയുടെ പൈലറ്റ് സർവിസാണ് ആരംഭിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണയോട്ടത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ, ഒരു വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ യാത്രക്കാരില്ലാതെയായിരുന്നു പരീക്ഷണ ഓട്ടങ്ങൾ സംഘടിപ്പിച്ചത്. രണ്ടാംഘട്ടത്തിൽ, ഡ്രൈവർ ഇല്ലാതെ യാത്രക്കാർ മാത്രമായി പൂർണതോതിലുള്ള പരീക്ഷണ ഓട്ടമാണ് നടത്തിയത്. ഈ പരീക്ഷണങ്ങൾ അടുത്ത വർഷത്തിന്റെ ആദ്യപാദം വരെ തുടരും. ഈ പരീക്ഷണങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തിയാകും മുന്നോട്ടുള്ള പ്രവർത്തനം.
രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടൊപ്പം സ്മാർട്ട് മൊബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഓരോ സ്വയംനിയന്ത്രിത ടാക്സിയിലും സുരക്ഷ ഉറപ്പാക്കാൻ ആറു കാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ യൂനിറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ നാവിഗേഷനും ഉറപ്പുവരുത്തുന്നു. ഇതോടെ, ഡ്രൈവറില്ലാതെ സ്വയം ഓടുന്ന വാഹനങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിച്ച മേഖലയിലെ ആദ്യത്തെ നഗരമായി ദോഹ മാറി.
പരിസ്ഥിതി സൗഹൃദവും നവീനവുമായ സാങ്കേതിക വിദ്യകളിലൂടെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തി ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായാണ് ഇലക്ട്രിക് റോബോ ടാക്സികൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.