ഡോ. അശ്വിനി ബോസ് സ്വർണമെഡലുകളുമായി ഡോ. ദിവ്യ ഗീതക്കൊപ്പം
ദോഹ: കാൽമുട്ട് പരിക്കിനെ മറികടന്ന് രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മൂന്ന് സ്വർണമെഡലുകൾ ഓടിയെടുത്തപ്പോൾ അറുപതുകാരനായ ഡോ. അശ്വിനി ബോസ് നന്ദി പറയുന്നത് നസീം സർജിക്കൽ സെന്ററിലെ ഓർത്തോപീഡിക് സർജൻ ഡോ. ദിവ്യ ഗീതയോടാണ്. നേപ്പാളിലെ പൊഖാറനിൽ നടന്ന സെവൻത് ഇന്റർനാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തന്റെ രാജ്യത്തെ പ്രതിനിധാനംചെയ്ത് ഡോക്ടറും കായികതാരവുമായ ഡോ. അശ്വിനി ബോസ് 60 മീറ്റർ, 100 മീറ്റർ, 200 മീറ്റർ സ്പ്രിന്റ് ഇനങ്ങളിൽ ഒന്നാമനായി ഓടിയെത്തി മൂന്ന് സ്വർണ മെഡലുകൾ മാറിലണിയുമ്പോൾ അതിന്റെ ക്രെഡിറ്റ് ഡോ. ദിവ്യ ഗീതക്ക് സമർപ്പിക്കുന്നു.
മീറ്റിൽ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ഡോ. അശ്വിനി ബോസിന്റെ സ്വപ്നങ്ങൾ ത്രിശങ്കുവിലായിരുന്നു. പരിക്ക് പ്രശ്നമായതിനാൽ കുറച്ച് കാലത്തേക്ക് കായിക ഇനങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും മത്സരത്തിൽ പങ്കെടുക്കരുതെന്നും ഡോ. ബോസിന് മുമ്പ് ചികിത്സ തേടിയ ഡോക്ടറുടെ പക്കൽനിന്ന് നിർദേശം ലഭിച്ചു.
എന്നാൽ, ഈ വെല്ലുവിളി നേരിടാൻ തന്നെയായിരുന്നു ഡോ. ബോസിന്റെ തീരുമാനം. മത്സരത്തിൽ പങ്കെടുക്കാനുള്ള സാധ്യത തേടി അദ്ദേഹം നസീം സർജിക്കൽ സെന്ററിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് വിദഗ്ധ ഓർത്തോപീഡിക് സർജൻ ഡോ. ദിവ്യ ഗീതയുടെ കീഴിൽ സർജിക്കൽ സെന്ററിൽ അദ്ദേഹം ചികിത്സ തേടി. ഡോ. ഗീതയുടെ മേൽനോട്ടത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള അടിയന്തരവും കാര്യക്ഷമവുമായ ശസ്ത്രക്രിയ ചികിത്സയിലൂടെ ഡോ. ബോസ് ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണമായി സുഖം പ്രാപിച്ചു. വരാനിരിക്കുന്ന മത്സരത്തിലേക്കുള്ള ആത്മവിശ്വാസം അദ്ദേഹം വീണ്ടെടുക്കുകയും ചെയ്തു. താൻ നേരിട്ട ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ച് മൂന്ന് സ്വർണമെഡലുകൾ തന്റെ നാടിനായി നേടുവാൻ ഡോ. ബോസിന് സാധിച്ചു.
‘എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴി ബുദ്ധിമുട്ടുള്ളതായിരുന്നു. പക്ഷേ നസീം സർജിക്കൽ സെന്ററിലെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഡോ. ദിവ്യ ഗീതയുടെ വിദഗ്ധ പരിചരണത്തിലൂടെയും തടസ്സങ്ങളെ മറികടന്ന് രാജ്യത്തിനായി സ്വർണം നേടാൻ എനിക്ക് സാധിച്ചു’- ഡോ. അശ്വിനി ബോസ് പറഞ്ഞു.
‘രോഗികൾ നേരിടുന്ന എല്ലാ വെല്ലുവിളികളിൽ നിന്നും അവരെ മോചിപ്പിക്കുക എന്നതാണ് നസീം ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ ലക്ഷ്യം. ഡോ. ബോസിനെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു എന്നത് നസീം ഹെൽത്ത്കെയറിനെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണ്. ഇതുപോലുള്ള അനേകം നേട്ടങ്ങൾ ഭാവിയിൽ അദ്ദേഹത്തെ തേടി എത്തട്ടെ’-നസീം അധികൃതർ ആശംസിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് നസീം സർജിക്കൽ സെന്ററിലെ അസ്ഥിരോഗ വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. അസ്ഥി സന്ധികൾക്ക് പരിക്കേറ്റ രോഗികൾക്കുള്ള ആർത്രോസ്കോപ്പി സാങ്കേതികവിദ്യ അതിലൊന്നാണ്. ഡോ. ദിവ്യയെക്കൂടാതെ ഡോ. ഇഫ്തിഖാർ അഹമ്മദ് അൻസാരി, ഡോ. പി. അനീഷ്, ഡോ. ഷരീഫ്, ഡോ. വിവേക് നാരായണൻ, ഡോ. രവി നാരായണൻ, ഡോ. മുഹ്സിൻ ജമീലുദ്ദീൻ കാസി തുടങ്ങിയ വിദഗ്ദ്ധ ഓർത്തോപീഡിഷ്യന്മാരാണ് നസീം ഓർത്തോപീഡിക്സ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.