ദോഹ: റമദാൻ തുടങ്ങിയതിന് ശേഷം ചെറുതും വലുതുമായ വാഹനാപകടങ്ങളുടെ എണ്ണവും ക്രമാതീതമായി വർധിച്ചുവരുകയാണ്. ദീർഘദൂരപാതകളിൽ വാഹനമോടിക്കുന്നവരുടെ ഉറക്കംതന്നെയാണ് പ്രധാന കാരണം. പ്രാർഥനകളും രാത്രികാലങ്ങളിലെ നീണ്ട ആരാധനാ ക്രമങ്ങളുമായി ഉറക്കമൊഴിയുന്നവരും അല്ലാതെ രാത്രിയിൽ പുറത്തിറങ്ങി സഞ്ചരിക്കുന്നവരും ഉൾപ്പെടെയുള്ളവർ പകൽ ഡ്രൈവിങ്ങിനിറങ്ങുമ്പോൾ ഏറെ ശ്രദ്ധിക്കണം. ഉറക്കം വരാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ ക്ഷണിച്ചുവരുത്താനും ഇത് ഇടയാകുന്നു. ദോഹയിൽനിന്ന് മിസഈദ്, അബു സംറ, അൽ ഖോര്‍, ഷഹാനിയ, ദുഖാൻ, ഷമാൽ തുടങ്ങിയ വിദൂരസ്ഥലങ്ങളിലേക്ക് ദിവസേന ജോലിക്ക് പോകുന്നവര്‍ നോമ്പുകാരാണെങ്കിൽ ജാഗ്രതയും മുൻകരുതലും അനിവാര്യമാണ്.
രാത്രിയിലെ ഉറക്കസമയത്തിൽ ഏതെങ്കിലും കാരണത്താൽ കുറവ് സംഭവിക്കുന്ന ദിവസങ്ങളിൽ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കൂടുതൽ തൊഴിലാളികളുമായി ജോലിസ്ഥലത്തേക്ക് പോവുന്ന ഡ്രൈവര്‍മാരുടെ കാര്യത്തിൽ കൂടെ യാത്രചെയ്യുന്ന സഹപ്രവർത്തകർ ജാഗ്രത പാലിക്കുന്നതാണ് സുരക്ഷിതം. കൂടാതെ, കമ്പനി അധികൃതരും ഡ്രൈവർമാരുടെ ഉറക്കവും വിശ്രമവും കൃത്യമാണോയെന്ന് ഉറപ്പുവരുത്താനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. മുന്നിൽ പോകുന്ന വാഹനത്തിനുപിന്നിൽ ഇടിക്കൽ, ട്രാക്ക് മാറി ഇരുവശങ്ങളിലേക്കും തെന്നിമാറൽ തുടങ്ങിയ അപകടങ്ങളാണ് പലപ്പോഴും സംഭവിക്കുന്നത്.
നോമ്പ് തുറക്കുന്ന സമയത്തുതന്നെ വീട്ടിൽ എത്താനുള്ള നിർബന്ധം മൂലം അമിതവേഗത്തിൽ വാഹനമോടിക്കുന്നതും അപകടത്തിന് കാരണമാവും.
ദീർഘദൂര റോഡുകളിൽ ഡ്രൈവിങ്ങിനിടയില്‍ ഉറക്കം വന്നാൽ വാഹനം പാതയോരത്തേക്ക് സുരക്ഷിതമായി മാറ്റിനിര്‍ത്തി വിശ്രമിച്ചതിനുശേഷം യാത്ര തുടരുന്നതാണ് അഭികാമ്യം.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) റിപ്പോർട്ട് പ്രകാരം ഖത്തറിൽ 2021 അവസാനത്തോടെ വാഹനാപകട മരണങ്ങൾ പകുതിയോളം കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ റോഡുകൾ വർഷം കഴിയുന്തോറും സുരക്ഷിതമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പി.എസ്.എയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം 2021 ഡിസംബറിലെ ട്രാഫിക് മരണങ്ങൾ 2020 ഡിസംബറിലേതിനേക്കാൾ 47.6 ശതമാനവും 2021 നവംബറിൽനിന്ന് 21.4 ശതമാനവും കുറഞ്ഞതായി സൂചിപ്പിക്കുന്നു.
റോഡുകളും ട്രാഫിക് ക്രമീകരണങ്ങളും കുറ്റമറ്റതാകുമ്പോഴും ഉറക്കമൊഴിഞ്ഞുള്ള ഡ്രൈവിങ് സ്വയം അപകടങ്ങൾ ക്ഷണിച്ചുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.