ദോഹ: അൽ ഫുർജാൻ മാർക്കറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടം നിർമ്മാണം ആരംഭിച്ചതായി ഖത്തർ ഡെവലപ്മെൻറ് ബാങ്ക് അറിയിച്ചു. തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയമാണ് രണ്ടാം ഘട്ടത്തിലെ പ്രധാന സവിശേഷത. കൂടാതെ മാർക്കറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് വലിയ പ്രവേശന കവാടവും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ മാർക്കറ്റിലെ വിവിധ കടകളിലെ തൊഴിലാളികൾക്കുള്ള പാർപ്പിട കേന്ദ്രങ്ങൾ നിർമ്മിച്ചിരുന്നില്ല. അൽ ഫുർജാൻ മാർക്കറ്റുമായി ബന്ധപ്പെട്ട നിർമ്മാണ പുരോഗതി അറിയിക്കുന്നതിന് ഖത്തർ ഡെവലപ്മെൻറ് ബാങ്ക് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സി ഇ ഒ അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ പദ്ധതി വിശദീകരിച്ചു. ദോഹക്ക് പുറത്തും വിദൂരദേശങ്ങളിലും ദൈനം ദിന ജീവിതത്തിന് പ്രയാസപ്പെടുന്നവർക്ക് ആവശ്യമായ അടിസ്ഥാന സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അൽ ഫുർജാൻ മാർക്കറ്റ് സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്കറ്റിലെ ഷോപ്പുകൾക്കായി നിർണയിച്ച സ്ഥലത്തിെൻറ വ്യാപ്തി വർധിപ്പിച്ചതായും ഷോപ്പുകളിലെ തൊഴിലാളികളായവരെ പാർപ്പിക്കുന്നതിനായി മറ്റൊരു നില കൂട്ടിച്ചേർത്തതായും അൽ ഫുർജാൻ മാർക്കറ്റ് പദ്ധതി ഡയറക്ടർ അബ്ദുറഹ്മാൻ അൽ സുവൈദി പറഞ്ഞു.
രണ്ട് ഭാഗമായാണ് രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ആദ്യ ഭാഗത്തിൽ 78 കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ആറ് മാർക്കറ്റുകളുടെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. രണ്ടാം ഭാഗത്തിലെ 26 മാർക്കറ്റിനായുള്ള രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ മാർക്കറ്റുകൾ മൈദർ സൗത്ത്(16 ഷോപ്പുകൾ), ജെർയാൻ, ജെനീഹാത്(21), ഉം ഖർന്(16), ഖർതിയാത്(7), ഉം അൽഖോർ(10) എന്നിവിടങ്ങളിലാണ് നിർമ്മിക്കുന്നത്.
ഉം ലഖ്ബ, ഗറാഫ, ഇസ്ഗവ, ബനീഹജർ, ലുഐബ്, അസീസിയ, മൈദർ നോർത്ത്, ബുസിദ്റ, ഐൻ ഖാലിദ്, ഉം അൽ സനീം, സഖാമ, കരാന, വക്റ, അൽ അതൂരിയ, ശമാൽ, ദഖീറ, റയ്യാൻ ജദീദ് തുടങ്ങി 26 കേന്ദ്രങ്ങളിലാണ് മാർക്കറ്റുകൾ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.