മത്സരശേഷം ആരാധകർക്കൊപ്പം ചിത്രം പകർത്തുന്ന ഇന്ത്യയുടെ നീരജ് ചോപ്ര
ദോഹ: 90 മീറ്റർ എന്ന സ്വപ്നദൂരം താണ്ടി ഒളിമ്പിക് വർഷത്തിലെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാനിറങ്ങിയ നീരജിന് പിന്തുണയുമായാണ് ദോഹ ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ ഗാലറിയിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ആരാധകരെത്തിയത്. ആഫ്രിക്കൻ കാണികളും താരങ്ങളും വാണ സ്റ്റേഡിയത്തിൽ പക്ഷേ, കാണികളുടെ ബലംകൊണ്ട് ഇന്ത്യൻ ആരാധകർ നിറസാന്നിധ്യമായി. അവരുടെ പിന്തുണയിലായിരുന്നു ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്രയുടെ ഓരോ ഏറും. ആദ്യ ശ്രമം ഫൗളായെങ്കിലും പിന്നീട് ഓരോ ശ്രമത്തിലും ചുവടുവെച്ച് മുന്നേറി. 84.93 മീ, 86.24 മീ, 86.18 മീ, 82.28 മീ. എന്നീ ശ്രമങ്ങൾക്കൊടുവിൽ ആറാം ശ്രമത്തിൽ 88.36 മീറ്റർ താണ്ടി വെള്ളി നേടി. 90 മീറ്റർ എന്ന സ്വപ്നം ദോഹയിൽ കുറിക്കാമെന്ന മോഹങ്ങളുമായെത്തിയ ഇന്ത്യൻ താരത്തിന് പക്ഷേ, ആദ്യ ശ്രമത്തിലെ ഫൗളും പ്രതികൂലമായ കാറ്റും തിരിച്ചടിയായി. എങ്കിലും, ഒളിമ്പിക്സ് വർഷത്തിലെ വലിയ സ്വപ്നങ്ങളിലേക്ക് മനോഹരമായ തുടക്കമായി.
പുരുഷ വിഭാഗം 200 മീറ്ററിൽ സ്വർണം നേടിയ കെന്നത്ത് ബെഡ്നാർക്
മിന്നൽവേഗത്തിൽ നീത
വനിതാ വിഭാഗം 100 മീറ്ററായിരുന്നു ദോഹ ഡയമണ്ട് ലീഗിലെ പ്രധാന പോരാട്ടം. ഒളിമ്പിക്സ്, ലോകതാരങ്ങൾ മാറ്റുരച്ച റേസിൽ ബ്രിട്ടന്റെ ഡാരിൽ നിത 10.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മിന്നൽവേഗക്കാരിയായി. അമേരിക്കയുടെ തമാരി ഡേവിസ് (10.99 സെ) രണ്ടും, അമേരിക്കയുടെ തന്നെ സെലേറ ബാർനസ് (11.02സെ) മൂന്നും സ്ഥാനത്തായി. വനിതകളുടെ 100 മീ. ഹർഡ്ൽസിൽ സ്വിറ്റ്സർലൻഡിന്റെ ഡിതാജി കംബുൻയ് (12.49 സെ.) സീസണിലെ മികച്ച സമയവുമായി ഒന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗം 200 മീറ്ററിൽ അമേരിക്കയുടെ ഒളിമ്പിക് മെഡലിസ്റ്റ് കെന്നത്ത് ബെഡ്നാർക് വേൾഡ് ലീഡിങ് സമയവുമായി (19.67 സെ.) സ്വർണമണിഞ്ഞു. കോട്നി ലിൻഡ്സെ, കെയ്റി കിങ് എന്നിവരാണ് പിന്നിലുള്ളത്. മധ്യദൂര, ദീർഘ ദൂര ഇനങ്ങളിൽ ആഫ്രിക്കൻ താരങ്ങൾ തന്നെ മെഡൽ കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.