ദോഹ: ഈ മാസം 29 മുതൽ അടുത്ത മാസം അഞ്ച് വരെ നടക്കുന്ന 28ാമത് ദോഹ പുസ്തകോത്സവത്തിൽ പങ്കെടുക്കരുതെന്ന് ഈജിപ്ത് ഭരണകൂടം ആവശ്യപ്പെട്ടതായി ചില പ്രസാധകർ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഈജിപ്ത് സാംസ്കാരിക മന്ത്രാലയം പ്രസാധകർക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ജൂൺ അഞ്ച് മുതൽ ഖത്തറിന് മേൽ പ്രഖ്യാപിച്ച ഉപരോധത്തെ തുടർന്നുള്ള നടപടിയുടെ ഭാഗമാണ് ഈ തീരുമാനമെന്നാണ് സൂചന.
കാര്യങ്ങൾ ഇത്തരത്തിലാണെന്ന് പ്രദേശിക മാധ്യമങ്ങൾ വ്യക്തമാക്കി. ദോഹ പുസ്തകോത്സവത്തിലേക്ക് ഉപരോധ രാജ്യങ്ങളിൽ നിന്നടക്കമുള്ള പ്രസാധകർക്ക് സ്വാഗതമോതി കഴിഞ്ഞ ദിവസം ഖത്തർ സാംസ്ക്കാരിക മന്ത്രി സ്വലാഹ് ബിൻ ഗാനിം അൽഅലി പ്രസ്താവന നടത്തിയിരുന്നു. പുസ്തകോത്സവത്തെ രാഷ്ട്രീയമായല്ല സാംസ്കാരിക സംരംഭമായാണ് കാണേണ്ടതെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. മനുഷ്യരുടെ സംസ്ക്കാരവും ചരിത്രവും അറിയാനും പരസ്പരം പങ്കുവെക്കാനുമാണ് ഇത്തരം പരിപാടികൾ. രാജ്യത്തിെൻറ സ്വപ്ന പദ്ധതിയായ ‘വിഷൻ–2030’ലേക്കുള്ള ചുവടുവെപ്പുകളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുൻ വർഷങ്ങളിൽ നിന്ന് ഭിന്നമായി കൂടുതൽ രാജ്യങ്ങൾ ഇത്തവണ പുസ്തകോത്സവത്തിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജർമനി ഇത്തവണ കൂടുതൽ സ്റ്റാളുകളുമായി എത്തും. നേരത്തെ ഫ്രാങ്ക്ഫോർട്ട് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഖത്തർ പങ്കെടുക്കുകയും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷത്തെ പുസ്തകോൽസവത്തിൽ പങ്കെടുക്കുന്നവരുടെ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. നിരവധി പ്രസാധകർ വെയിറ്റിംഗ് ലിസ്റ്റിലാണുള്ളത്. കേരളത്തിൽ നിന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് മുൻ വർഷങ്ങളെ പോലെ ഇത്തവണയും പുസ്തകോത്സവത്തിൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.