ദോഹ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ വിളംബരമായി ദർബ് അൽ സാഇയിൽ ഡിസംബർ 10ന് തുടക്കമാകും. ഉം സലാലിലെ സ്ഥിരം വേദിയിൽ വിവിധ പരിപാടികളോടെ തുടക്കംകുറിക്കുന്ന ദേശീയ ദിനാഘോഷം ഡിസംബർ 20 വരെ നീളും. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരമ്പരാഗത സാംസ്കാരിക പരിപാടികളുമായി ദർബ് അൽ സാഇ അരങ്ങേറുന്നത്. ദേശീയ ദിനാഘോഷത്തിന്റെ തുടക്കമായി എല്ലാ വർഷവും ഡിസംബർ ആദ്യത്തിലാണ് ദർബ് അൽസാഇ കൊടിയേറുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെ പുതുതലമുറക്കും, സന്ദർശകർക്കും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് സവിശേഷത. ഒട്ടകസവാരി, ഫാൽക്കൺ പ്രദർശനം, കടലോര കലാപ്രദർശനം തുടങ്ങി അറബ് പൈതൃകങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളാണ് ദർബ് അൽ സാഇ ആഘോഷങ്ങളെ എന്നും ആകർഷകമാക്കി മാറ്റുന്നത്.
‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ എന്ന മുദ്രാവാക്യത്തെ പ്രമേയമാക്കി ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥിരം വേദിയിൽ ഖത്തറിന്റെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന കലാപരിപാടികളും പ്രദർശനങ്ങളും മുതൽ വിവിധ ഷോകൾ, മത്സരങ്ങളും തുടങ്ങിയവയുമായി നിറപ്പകിട്ടാർന്ന ദേശീയദിന ഉത്സവത്തിനാണ് ഇത്തവണ ദർബ് അൽ സാഇ ഒരുങ്ങുന്നത്. പൗരന്മാർക്കും താമസക്കാർക്കും ഖത്തറിന്റെ ചരിത്രവും മൂല്യങ്ങളും സ്വത്വവും എന്നിവ മനസ്സിലാക്കാനുള്ള അവസരവും ഇവിടെ ഒരുക്കും.
പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ സൈബർ സുരക്ഷ ഏജൻസി, കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രാലയം, ഖത്തർ നാഷനൽ ആർക്കൈവ്സ്, ദോഹ ഫോറം, ഖത്തർ കൾചറൽ സെന്റർ ഫോർ ദി ഡെഫ്, ഖത്തർ ഫോട്ടോഗ്രഫി സെന്റർ, ഖത്തർ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ഫോർ ദി ബ്ലൈൻഡ്, ഖത്തർ റീഡ്സ്, ഖത്തർ ഇസ് ലാമിക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ വർഷത്തെ പരിപാടികളിൽ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.