പെരുന്നാൾ പിറ്റേന്ന് ദോഹ മെട്രോയിലെ തിരക്ക്
ദോഹ: പെരുന്നാൾ ആഘോഷിക്കാനായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അവധി ദിനങ്ങളിൽ ദോഹ മെട്രോ ജനസാഗരമായി മാറി. പെരുന്നാളിന്‍റെ രണ്ടാം ദിനമായ ചൊവ്വാഴ്ച മാത്രം ദോഹ മെട്രോ വഴി 2.5 ലക്ഷം പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു.
ഖത്തർ ടൂറിസത്തിന്‍റെ പെരുന്നാൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും വിവിധ മാളുകളിലേക്കും പാർക്കുകളിലേക്കുമുള്ള യാത്രകളിൽ പൊതുജനങ്ങൾ ഏറെയായും മെട്രോ ഉപയോഗിച്ചതായാണ് റിപ്പോർട്ട്.
ഒരുവിധ സുരക്ഷ പ്രശ്നങ്ങളോ, പരാതികളോ ഇല്ലാതെ പെരുന്നാൾ അവധി ദിനങ്ങളിൽ സുരക്ഷിതമായി സർവിസ് നടത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ദോഹ കോർണിഷുമായി അടുത്തുള്ള കോർണിഷ്, അൽ ബിദ്ദ സ്റ്റേഷനുകളിലായിരുന്നു ഏറ്റവും കൂടുതൽ പേർ യാത്രചെയ്തത്. കോർണിഷിലേക്ക് വാഹന ഗതാഗതം നിരോധിച്ചത് കൂടുതൽ പേരെയും മെട്രോ സർവിസിനെ ആശ്രയിക്കാനും വഴിയൊരുക്കി. മറ്റു സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്തായിരുന്നു എല്ലാവരും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോർണിഷിൽ നടന്ന പെരുന്നാൾ പരിപാടികളിൽ പങ്കെടുക്കാനെത്തിയത്. ഇതിനു പുറമെ, കതാറ, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലെ ചടങ്ങുകളിൽ സംബന്ധിക്കാനും ജനങ്ങൾ മെട്രോയെ തന്നെ ആശ്രയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.