പി.എച്ച്.സി.സികളിൽ രണ്ടാം ഘട്ട ഇളവുകൾ ചൊവ്വാഴ്ച മുതൽ

ദോഹ: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനുപിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടാം ഘട്ട ഇളവുകൾ ചൊവ്വാഴ്ച മുതൽ നടപ്പായി. രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വാഴ്ച മുതൽ 75 ശതമാനം രോഗികള്‍ക്കും നേരിട്ടെത്തി ചികിത്സതേടാം. ഫാമിലി മെഡിസിന്‍, ജനറല്‍, ദന്തരോഗം, മറ്റ് പ്രത്യേക വിഭാഗങ്ങള്‍ തുടങ്ങി എല്ലാ അസുഖങ്ങള്‍ക്കും ഇളവ് ലഭിക്കും. ഒമിക്രോൺ വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയായി മൂന്ന് ഘട്ടങ്ങളിലായി ഇളവുകൾ നടപ്പിലാക്കുമെന്നാണ് പി.എച്ച്.സി.സി നേരത്തെ അറിയിച്ചത്. ആദ്യഘട്ടം നേരത്തെ പ്രാബല്യത്തിൽ വന്നു.

75 ശതമാനം ചികിത്സാസൗകര്യം ഒരുക്കിയെങ്കിലും ആവശ്യമുള്ളവർക്ക് വെർച്വൽ പരിശോധന തുടരമെന്ന് അധികൃതർ അറിയിച്ചു. റൗദത്തുൽ ഖൈല്‍ ഹെല്‍ത്ത് സെന്‍റര്‍ കോവിഡ് സ്പെഷൽ കേന്ദ്രമായി തുടരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡ്രൈവ് ത്രൂ പരിശോധന സംവിധാനം, വൈകീട്ട് നാല് മുതൽ 11 വരെ പ്രവർത്തിക്കും. അതേസമയം, ലുസൈലിലെ ഡ്രൈവ്ത്രു ടെസ്റ്റിൻ ആൻഡ് വാക്സിനേഷൻ കേന്ദ്ര കഴിഞ്ഞദിവസം പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും അതേസമയം, മികച്ച പരിചരണം നൽകിയുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. സ്മാർട്ട് അപ്പോയിൻമെന്‍റ്, വ്യക്തിഗത സുരക്ഷാമാർഗങ്ങൾ, സാമൂഹിക അകലം, എല്ലാ ജീവനക്കാർക്കും പതിവായ കോവിഡ് പരിശോധന, ശുചിത്വം, അണുനശീകരണ പ്രവൃത്തികൾ എന്നിവയും നടപ്പിലാക്കി.

കോവിഡ് രോഗികൾ 310

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 310 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 44 പേർ വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ്. 543 പേർ രോഗമുക്തി നേടി. നിലവിലെ രോഗികളുടെ എണ്ണം 2940 ആയി കുറഞ്ഞു. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

നിലവിൽ 32 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 20 പേരുമുണ്ട്. രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 15,747 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 63.14 ലക്ഷം ഡോസ് വാക്സിൻ നൽകി.

Tags:    
News Summary - Covid: Further concessions at primary health centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.