ദോഹ കോർണിഷിൽ നടന്ന ബലൂൺ പരേഡിൽ വിവിധ മാതൃകകളിലുള്ള ബലൂണുകളുമായി നടന്ന പരേഡ്
ദോഹ: പ്രവാസികൾക്കും സ്വദേശികൾക്കും ആവേശരാവായി മാറി ഖത്തർ ടൂറിസത്തിന്‍റെ പെരുന്നാൾ പരിപാടികൾ. മൂന്നു ദിവസങ്ങളിലായി ദോഹ കോർണിഷിൽ പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ സജീവമായ ഈദ് ഫെസ്റ്റിന് വ്യാഴാഴ്ച രാത്രിയോടെ സമാപനമായി. ആഘോഷങ്ങളുടെ ഒന്നാം ദിനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുടങ്ങിയ കൂറ്റൺ ബലൂണുകളുടെ വമ്പൻ പരേഡായിരുന്നു ബുധൻ, വ്യാഴം ദിവസങ്ങളിൽ ശ്രദ്ധേയമയത്. കാർട്ടൂൺ കഥാപാത്രങ്ങളും, ഖത്തറിന്‍റെ പൈതൃകവും പാരമ്പര്യവും അഭിമാന സ്തംഭങ്ങളുമായവയുടെ മാതൃകയിൽ കാറ്റ് നിറച്ച ബലൂണുകൾ കോർണിഷിലെ ആകാശം വർണാഭമാക്കി. 15 കൂറ്റൻ ബലൂണുകളാണ് രാത്രി 9.30 മുതൽ ആരംഭിച്ച പരേഡിൽ അണിനിരന്നത്. ആൻഗ്രി ബേർഡ്സിലെ മൂന്ന് കഥാപാത്രങ്ങൾ, പാവ് പട്രോളിലെ ചേസ് കഥാപാത്രം, ഖത്തർ എയർവേസിന്‍റെ കൂറ്റൻ മാതൃക, സൂപ്പർ മാരിയോയും ലൂയിജിയും, ചായകപ്പും കൂജയും, പായ്കപ്പൽ, തിമിംഗില സ്രാവ്, ലിറ്റിൽ ലുലു, ഫാൽകൺ തുടങ്ങിയവയാണ് സന്ദർശകർക്ക് ആഘോഷക്കാഴ്ചകളൊരുക്കി ബലൂൺ പരേഡിൽ അണിനിരന്നത്.
പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ ബലൂൺ പരേഡിനാണ് കഴിഞ്ഞ രണ്ടു രാത്രികളിൽ ഖത്തർ വേദിയായത്. 2020ൽ നടത്താൻ തീരുമാനിച്ച പരിപാടി, കോവിഡ് വ്യാപനത്തെതുടർന്നാണ് മാറ്റിവെച്ചത്. ഒടുവിൽ ലോകകപ്പിനെ വരവേൽക്കുന്ന വർഷത്തിൽ കൂടുതൽ മികവോടെതന്നെ സംഘടിപ്പിക്കുകയായിരുന്നു. ബലൂൺ പരേഡിന് പുറമെ, വിവിധ കലാപരിപാടികൾ, ഷോകൾ, സംഗീത പരിപാടികൾ വെടിക്കെട്ട് എന്നിവയും കാഴ്ചക്കാർക്ക് ആകർഷകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.