ദോഹ: പരിസ്ഥിതി നിയമ ലംഘനങ്ങൾ തടയാൻ കർശന പരിശോധനകളുമായി മന്ത്രാലയം. രാജ്യത്തിന്റെ വടക്കുഭാഗത്ത് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ പിടികൂടിയതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. പാരിസ്ഥിതിക നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും വന്യജീവി സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി നടത്തുന്ന പരിശോധന കാമ്പയിനിലാണ് നിയമലംഘനങ്ങൾ പിടികൂടിയത്.
അനുമതിയില്ലാതെ ക്യാമ്പുകൾ നടത്തിയതിന് 50 നിയമലംഘനങ്ങളാണ് മന്ത്രാലയം രേഖപ്പെടുത്തിയത്. പ്രാദേശികമായി അൽ അസ്ബ് എന്ന പേരിലറിയപ്പെടുന്ന ലൈസൻസില്ലാത്ത അഞ്ച് കേന്ദ്രങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്റെയും വന്യജീവികളെ സംരക്ഷിക്കുന്ന നിയമങ്ങളും ഉത്തരവുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മന്ത്രാലയത്തിന് കീഴിൽ പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള എല്ലാ ഭൂപ്രദേശങ്ങളും തീരപ്രദേശങ്ങളും സംരക്ഷിത പ്രദേശങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങളെയും ഉത്തരവുകളെയും കുറിച്ച് താമസക്കാരെയും പൗരന്മാരെയും അറിയിക്കുക, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രകൃതിദത്ത റിസർവ് പ്രദേശങ്ങൾ സംരക്ഷിക്കുക, കടുത്ത ശിക്ഷക്ക് വിധേയമാക്കുന്ന ലംഘനങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയും ഇത്തരം പരിശോധന കാമ്പയിനിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. പ്രതിരോധ മന്ത്രാലയം, റെഡ് ക്രസന്റ്, ഔഖാഫ് തുടങ്ങിയവയുമായി സഹകരിച്ചായിരുന്നു വിവിധ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെ ബോധവത്കരണം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.