ദോഹ: ജൂൺ 27ന് വാഷിങ്ടൺ ഡി.സിയിൽ ഒപ്പുവെച്ച കോംഗോയും റുവാണ്ടയും തമ്മിലുള്ള സമാധാന കരാറിന്റെ തുടർ ചർച്ചയുടെ ഭാഗമായി ജോയന്റ് ഓവർസൈറ്റ് കമ്മിറ്റിയുടെ ആദ്യ യോഗം നടന്നു. കോംഗോ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ, ഖത്തർ അമേരിക്ക, ആഫ്രിക്കൻ യൂനിയൻ ഫെസിലിറ്റേറ്റർ ടോഗോ, ആഫ്രിക്കൻ യൂനിയൻ കമീഷൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരീക്ഷകർക്കൊപ്പം ചേർന്നാണ് സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
സമാധാന കരാർ നടപ്പാക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള വേദിയായി പ്രവർത്തിക്കുകയാണ് ജോയന്റ് ഓവർസൈറ്റ് കമ്മിറ്റിയുടെ ചുമതല. കരാർ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കുക, ലംഘനങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുക, തർക്കങ്ങൾ സൗഹാർദപരമായി പരിഹരിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങൾ. ആദ്യ യോഗത്തിൽ ഇരുകൂട്ടരും കമ്മിറ്റി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ഭാവികാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. തുടർചർച്ചകളും സമാധാന ശ്രമങ്ങളും സംഭാഷണങ്ങളും തുടരുന്നതിനും ഇതുവഴി ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമായി ആഫ്രിക്കൻ യൂനിയൻ, ഖത്തർ, അമേരിക്ക രാഷ്ട്രങ്ങളിലെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുത്തു.
അതേസമയം, കോംഗോയുടെ കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് നിർണായകമായി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ വഹിച്ചിരുന്നു. കോംഗോ സർക്കാറും വിമതപക്ഷമായ കോംഗോ റിവർ അലൈൻസ് എന്ന് അറിയപ്പെടുന്ന എം23 വിഭാഗവും തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമാധാന തത്ത്വപ്രഖ്യാപന കരാറിൽ ഒപ്പുവെച്ചത്. മേഖലയിലെ സ്ഥിരത കൈവരിക്കുന്നതിൽ സുപ്രധാന പുരോഗതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.