പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേരുന്നു
ദോഹ: സൈബർ ഇടങ്ങളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി ഡിജിറ്റൽ സുരക്ഷാ കമ്മിറ്റി രൂപവത്കരിക്കാനുള്ള കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം.
ഏറ്റവും സുരക്ഷിതാമായ ഡിജിറ്റൽ പരിസ്ഥിതി സൃഷ്ടിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിക്കുകയെന്ന ഷൂറാ കൗൺസിലിന്റെ കരട് നിർദേശത്തിനാണ് പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിനു കീഴിലാവും കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ഡിജിറ്റൽ സേഫ്റ്റി കമ്മിറ്റി.
ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി അവതരിപ്പിക്കുക, സുരക്ഷിതമായ ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി സർക്കാർ ഏജൻസികൾക്ക് ശിപാർശകൾ നൽകുക എന്നിവയാവും കമ്മിറ്റിയുടെ ചുമതലകൾ. കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ആന്റിഡോപ്പിങ് ഏജൻസി ആരംഭിക്കാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
ഉത്തേജക വിരുദ്ധ ലബോറട്ടറി സംബന്ധിച്ച 2011ലെ അമീരി നിയമത്തിൽ ഭേദഗതിവരുത്തിയാണ് ആന്റിഡോപ്പിങ് ഏജൻസിയും ആരംഭിക്കാൻ ഒരുങ്ങുന്നത്. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവും ആന്റിഡോപ്പിങ് ഏജൻസി പ്രവർത്തിക്കുന്നത്.
പൊതു, സ്വകാര്യമേഖലകളിലെ ഭക്ഷ്യ സുരക്ഷാ നയം സംബന്ധിച്ചും മന്ത്രിസഭ നിർണായക തീരുമാനമെടുത്തു. ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പാക്കുന്നതിന്റെ തുടർനടപടികൾക്കായി കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള കരട് നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാനയം 2030ന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് കരട് മുന്നോട്ടുവെച്ചത്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷാറ തുടങ്ങിയവരുടെ ഖത്തർ സന്ദർശനവും, അമീർ ശൈഖ തമീം ബിൻ ഹമദ് ആൽ ഥാനിയുമായി നടന്ന കൂടികാഴ്ചകളുടെയും വിവിധ വിഷയങ്ങളിലെ സഹകരണ ചുവടുവെപ്പ് സംബന്ധിച്ചും മന്ത്രിസഭ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.