ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ എത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നൽകിയ ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ സമീപം
ദോഹ: ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ് നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറിനെ സ്വീകരിച്ചു. സ്വീകരണ സ്ഥലത്തേക്ക് അമീറിന്റെ വാഹനവ്യൂഹത്തെ രാഷ്ട്രപതിയുടെ കുതിരപ്പടയാളികൾ അനുഗമിച്ചു. അമീറിന്റെ സന്ദർശനത്തോടനുബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദബന്ധത്തെ അഭിനന്ദിച്ചും പീരങ്കികൾ 21 റൗണ്ട് വെടിയുതിർത്തു. ചടങ്ങിൽ ഖത്തറിന്റെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ചു. അമീർ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും ചെയ്തു.
സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ ഉന്നതർ എന്നിവരും പങ്കെടുത്തു. ഖത്തർ നിക്ഷേപ അതോറിറ്റിയുടെയും ഖത്തർ ടൂറിസത്തിന്റെയും സി.ഇ.ഒമാർക്കും പുറമെ, 38 വ്യവസായ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികളും ഖത്തർ അമീറിനെ യാത്രയിൽ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.