പ്ലസ്ടുകാർക്ക് കേന്ദ്ര സർവകലാശാല പഠനം: കോമൺ എൻട്രൻസ് പരീക്ഷ അപേക്ഷ മേയ് ആറു വരെ

ദോഹ: വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്ലസ്ടു വരെ പഠനം പൂർത്തിയാക്കി ഇന്ത്യയിലെ പ്രഗത്ഭ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള സുവർണാവസരമാണ് പുതുതായി ആരംഭിക്കുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്. രാജ്യത്തെമ്പാടുമുള്ള 44 കേന്ദ്ര സർവകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലും ഉപരിപഠനത്തിന് അവസരമൊരുക്കുന്ന സി.യു.ഇ.ടി (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) എൻട്രൻസിന് അപേക്ഷിക്കാൻ മേയ് ആറു വരെയാണ് അവസരം.

ഏത് സ്ട്രീമിൽ പ്ലസ്ടു പഠിച്ചവർക്കും അവരവരുടെ അഭിരുചിയും താൽപര്യവുമനുസരിച്ചുള്ള കോഴ്‌സുകൾ ചുരുങ്ങിയ ചെലവിൽ പഠിക്കാനവസരമൊരുക്കുന്ന കേന്ദ്ര സർവകലാശാലകളിലേക്ക് ഇത്തവണ ആദ്യമായാണ് പൊതു പ്രവേശനപരീക്ഷ നടത്തുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിക്കുന്നതും കൂടുതൽ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതുമായ സി.യു.ഇ.ടി ആഗോള തലത്തിൽ തന്നെ വലിയ എൻട്രൻസ് പരീക്ഷകളിലൊന്നായാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ കേന്ദ്രങ്ങൾക്ക് പുറമെ ദോഹ, ദുബൈ, ഷാർജ ബഹ്റൈൻ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നീ ഗൾഫ് പ്രദേശങ്ങളിലടക്കം പരീക്ഷ കേന്ദ്രങ്ങളുള്ളത് പ്രവാസികൾക്കേറെ ആശ്വാസകരമാണ്.

ചെലവ് കുറഞ്ഞ രീതിയിൽ ഉന്നത വിദ്യാഭ്യാസം ഒരുക്കുന്ന കാര്യത്തിൽ ശ്രദ്ധേയ സംഭാവനകളാണ് രാജ്യത്തെമ്പാടുമുള്ള പല കേന്ദ്രസർവകലാശാലകളും അർപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിവ് തെളിയിച്ച അധ്യാപകർ, കിടയറ്റ ഭൗതിക സൗകര്യങ്ങൾ എന്നിങ്ങനെ മികവുറ്റ പഠനസാഹചര്യം ഒരുക്കാനുള്ള എല്ലാ ചേരുവകളാലും അനുഗ്രഹീതമാണ് മിക്ക കേന്ദ്ര സർവകലാശാലകളും. ജെ.എൻ.യു, ഡൽഹി, ജാമിഅ മില്ലിയ, ഹൈദരാബാദ്, പോണ്ടിച്ചേരി, അലീഗഢ് മുസ്‍ലിം, ബനാറസ് ഹിന്ദു തുടങ്ങിയ മിക്ക കേന്ദ്ര സർവകലാശാലകളിലേക്കും സ്വതന്ത്ര പ്രവേശന നടപടികളായിരുന്നു കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്നത്.

കാസർകോട്ടുള്ള കേരള കേന്ദ്ര സർവകലാശാലയിലെ പ്രവേശനവും സി.യു.ഇ.ടി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കേന്ദ്ര സർവകലാശാലകൾക്ക് പുറമെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ജാമിഅ ഹംദർദ്, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയൻസ് തുടങ്ങിയ മറ്റു സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് സി.യു.ഇ.ടി മാനദണ്ഡമായിരിക്കും.

മൾട്ടിപ്പിൾ ചോയ്സ് സ്വഭാവത്തിൽ ഒബ്ജക്ടിവ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈ മാസത്തിലാണ് നടക്കുന്നത്. വൺ എ, വൺ ബി, ടു, ത്രീ എന്നിങ്ങനെ നാല് സെക്ഷനുകളിലായാണ്.

ഒരു കുട്ടിക്ക് എല്ലാ സെക്ഷനുകളിൽ നിന്നുമായി തെരഞ്ഞെടുക്കാവുന്ന പരമാവധി വിഷയങ്ങളുടെ എണ്ണം ഒമ്പത് ആയിരിക്കും.

https://cuet.samarth.ac.in/ എന്ന വെബ്സൈറ്റും അതത് സ്ഥാപനങ്ങളുടെ പ്രോസ്പെക്ടസുകളും പരിശോധിച്ച് ഓരോയിടത്തും നടത്തപ്പെടുന്ന കോഴ്സുകളുടെ വിവരങ്ങളും പ്രവേശന യോഗ്യതയും മനസ്സിലാക്കിയതിന് ശേഷമായിരിക്കണം തീരുമാനമെടുക്കേണ്ടത്. പ്രവേശനമാഗ്രഹിക്കുന്ന കോഴ്സുകൾക്ക് മാനദണ്ഡമായി നിശ്ചയിക്കപ്പെട്ട വിഷയങ്ങൾ സി.യു.ഇ.ടി പരീക്ഷയുടെ ഒരോ സെക്ഷനിൽ നിന്നും തിരഞ്ഞെടുക്കണം.

അതത് സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന നിബന്ധനകൾക്കനുസൃതയായി മുൻ വർഷങ്ങളിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. പ്രായപരിധി ബാധകമല്ല.

അപേക്ഷ സമർപ്പിക്കാനും പരീക്ഷ കേന്ദ്രങ്ങൾ, ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾ അറിയാനും https://cuet.samarth.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ പോലെ കേന്ദ്ര സർവകലാശാലകളിലെ ചില കോഴ്സുകൾ സി.യു.ഇ.ടി പരിധിയിൽ വരുന്നില്ല എന്ന കാര്യവും ഓർക്കണം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ, ഫീ​സ് തു​ട​ങ്ങി​യ വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​യാ​നും cuet.samarth.ac.in/  എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം

തയാറാക്കിയത്: പി.ടി ഫിറോസ് (സിജി കരിയർ ഗൈഡ്)

Tags:    
News Summary - Central University Studies for Plus two Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.