സുഹൈൽ സ്റ്റാർ കളത്തിലിറങ്ങും; ഫിബ ബാസ്കറ്റ്ബാൾ വേൾഡ് കപ്പ് ഭാഗ്യചിഹ്നം പ്രഖ്യാപിച്ചു
ദോഹ: അടുത്തവർഷം ഖത്തറിൽ നടക്കുന്ന ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായി 'സുഹൈൽ' കളത്തിലിറങ്ങും. ലോകകപ്പിന്റെ ലോഗോയും ഭാഗ്യ ചിഹ്നവും പുറത്തിറക്കി. ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ദോഹയിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്.
ഗൾഫ് രാജ്യങ്ങളിൽ പ്രശസ്തമായ സുഹൈൽ നക്ഷത്രത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഭാഗ്യചിഹ്നത്തെ തെരഞ്ഞെടുത്തത്. ഖത്തറിന്റെയും ഗൾഫ് രാഷ്ട്രങ്ങളുടെയും സാംസ്കാരിക പാരമ്പര്യത്തിൽ പ്രത്യേക സ്ഥാനമുള്ള നക്ഷത്രം, മേഖലയുടെ ഭൂതകാലത്തെ ഭാവി പ്രതീക്ഷകളുമായി ബന്ധിപ്പിക്കുന്നു. ഗൾഫ് മേഖലയിലെ നാവികർക്കും മരുഭൂമിയിലെ നാടോടികൾക്കും നൂറ്റാണ്ടുകളായി വഴികാട്ടിയായിരുന്നു സുഹൈൽ നക്ഷത്രം.
കഠിനമായ വേനൽച്ചൂടിൽനിന്ന് മാറി തണുപ്പുള്ള കാലാവസ്ഥയിലേക്കും സുഖകരമായ സായാഹ്നങ്ങളിലേക്കുമുള്ള മാറ്റത്തെ സൂചിപ്പിക്കുന്ന സുഹൈൽ, 2027ൽ ഖത്തറിൽ നടക്കുന്ന ഫിബ ബാസ്ക്കറ്റ്ബാൾ ലോകകപ്പ് സമയത്ത് രാത്രി ആകാശത്ത് പ്രകാശപൂരിതമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തറിന്റെ സാംസ്കാരിക തനിമയും സമ്പന്നമായ പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഫിബ ബാസ്കറ്റ്ബാൾ മികച്ച അവസരമായിരിക്കുമെന്ന് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള ആരാധകരിൽ കായികാവേശം വളർത്താനും ടൂർണമെന്റ് പ്രചാരണം ശക്തമാക്കാനും സുഹൈൽ ഭാഗ്യചിഹ്നത്തിലൂടെ സാധിക്കുമെന്ന് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.