പ്രവാസികളുടെ ആരോഗ്യ സുരക്ഷക്ക് കരുത്തായി 'നോർക്ക കെയർ'
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ പ്രവാസി സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക സുരക്ഷിതത്വവും മുൻനിർത്തി കേരള സർക്കാറിന് കീഴിലുള്ള നോർക്ക റൂട്ട്സ് ആവിഷ്കരിച്ച 'നോർക്ക കെയർ' ആരോഗ്യ -അപകട ഇൻഷുറൻസ് പദ്ധതി കൂടുതൽ വിപുലമായ ആനുകൂല്യങ്ങളോടെ സജ്ജമായിരിക്കുന്നു. വിദേശത്തോ ഇന്ത്യയിലോ ഉള്ള നോർക്ക ഐ.ഡി കാർഡ് ഉടമകൾക്ക് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവാസി സമൂഹത്തിന് വലിയൊരളവോളം ആശ്വാസമേകുന്നതാണ് പദ്ധതി
പ്രധാന സവിശേഷതകൾ
മെഡിക്കൽ ഇൻഷുറൻസ് സ്ലാബുകൾ: 3 ലക്ഷം മുതൽ 1 കോടി വരെ വിവിധ സ്ലാബുകൾ ലഭ്യമാണ്.
അപകട ഇൻഷുറൻസ്: പ്രൈമറി ഇൻഷുറൻസ് തുകക്ക് അനുസൃതമായി അപകട മരണം, സ്ഥിരമായ വൈകല്യങ്ങൾ എന്നിവക്ക് 3 ലക്ഷം മുതൽ 1 കോടി വരെ കവറേജ് ലഭിക്കും.
പ്രായപരിധി: 18 മുതൽ 110 വയസ്സുവരെയുള്ളവർക്ക് (Self/Spouse/Parents) ഈ പദ്ധതിയിൽ അംഗമാകാം. കൂടാതെ 0 മുതൽ 25 വയസ്സുവരെയുള്ള കുട്ടികളെയും കുടുംബാംഗങ്ങളായി ഉൾപ്പെടുത്താം.
മറ്റ് ആനുകൂല്യങ്ങൾ
പ്രീ-എക്സിസ്റ്റിങ് രോഗങ്ങൾ: നിലവിലുള്ള രോഗങ്ങൾക്ക് പോളിസി എടുത്ത ആദ്യ ദിവസം മുതൽ കവറേജ് ലഭിക്കുന്നു. 30 ദിവസത്തെ കാത്തിരിപ്പ് സമയം ഒഴിവാക്കിയിട്ടുണ്ട്.
റോബോട്ടിക് സർജറികൾ, ഓറൽ കെമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ തുടങ്ങിയ ആധുനിക ചികിത്സകൾക്ക് പ്രത്യേക സബ്-ലിമിറ്റുകളോടെ പരിരക്ഷ ലഭിക്കുന്നു. കൂടാതെ ആയുർവേദ (AYUSH) ചികിത്സകൾക്ക് 50,000 വരെയും, തിമിര ശസ്ത്രക്രിയക്ക് കണ്ണിന് 40,000 വരെയും കവറേജ് ലഭിക്കും.
ഒഴിവാക്കപ്പെട്ട കാര്യങ്ങൾ
ഇൻഷുറൻസ് പരിരക്ഷ പൂർണ്ണമായും ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിലെ അംഗീകൃത ആശുപത്രികളിലെ ചികിത്സകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള ചികിത്സകൾ, പ്രസവസംബന്ധമായ ചികിത്സകൾ, വന്ധ്യതാ ചികിത്സകൾ (IVF, IUI), ഒ.പി.ഡി (OPD) സേവനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.
ഡിജിറ്റൽ സംവിധാനങ്ങൾ
പദ്ധതിയുടെ മുഴുവൻ നടപടികളും മൊബൈൽ ആപ്പ് വഴിയോ വെബ് പോർട്ടൽ വഴിയോ പൂർണ്ണമായും ഡിജിറ്റൽവൽക്കരിച്ചിരിക്കുന്നു. എൻറോൾമെന്റ്, ഇ-കാർഡ് ഡൗൺലോഡ്, ലൈവ് ക്യാഷ്ലെസ് ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധന, ക്ലെയിം സ്റ്റാറ്റസ് ട്രാക്കിങ് എന്നിവയെല്ലാം ഇതിലൂടെ സാധ്യമാണ്.
മുൻവർഷത്തിൽ 300 കോടി രൂപയുടെ ക്ലെയിമുകൾ 99.5 ശതമാനം സെറ്റിൽമെന്റ് അനുപാതത്തോടെ തീർപ്പാക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.
പരിഷ്കരിച്ച മൊബൈൽ അപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാണ്. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി www.norkaroots.kerala.gov.in എന്ന വെബ്സൈറ്റോ, 1860 4191 401, 1860 4191 402 എന്നീ 24 മണിക്കൂർ ഹെൽപ്ലൈൻ നമ്പറുകളോ ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന മികച്ചൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ. അർഹരായ എല്ലാ പ്രവാസികളും ഓൺലൈൻ എൻറോൾമെന്റ് സൗകര്യം പ്രയോജനപ്പെടുത്തി കുടുംബത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.