അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മം; ‘നോർക്ക കെയർ ഇൻഷുറൻസ്’ ഇന്നു മുതൽ പുതുക്കാം..!

മനാമ: നോർക്ക കെയർ ഇൻഷുറൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമം. നോർക്ക കെയർ 2026-27 പദ്ധതിയുടെ ഓൺലൈൻ എൻറോൾമെന്റ് പോർട്ടൽ പ്രവർത്തനം ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിച്ചേക്കുമെന്ന് നോർക്ക കെയർ അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അറിയിപ്പ് നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്ത് വിട്ടിട്ടുണ്ട്. വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും മുഖേന പോളിസി പുതുക്കാനുള്ള സൗകര്യം ലഭ്യമാകും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

ഇൻഷുറൻസ് കാലാവധി ഒക്ടോബർ 31-ന് അവസാനിക്കാനിരിക്കെ, പുതുക്കൽ നടപടികൾ വൈകിയത് പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഒക്ടോബർ 21-ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന എൻറോൾമെന്റ് പിന്നീട് 25-ലേക്ക് മാറ്റിയെങ്കിലും പോർട്ടൽ തുറക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. പ്രവാസികളുടെ ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ‘ഗൾഫ് മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമയപരിധി നീട്ടി നൽകിക്കൊണ്ടുള്ള ആശ്വാസകരമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഇൻഷുറൻസ് കമ്പനികൾക്ക് ഭീമമായ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ, പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാകാത്ത രീതിയിൽ പ്രീമിയം തുക നിശ്ചയിക്കാൻ നിരന്തരം ചർച്ചകൾ നടത്തേണ്ടി വന്നതാണ് കാലതാമസത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

പദ്ധതി പ്രകാരം 3 ലക്ഷം, 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെ 8 ഇൻഷുറൻസ് സ്ലാബുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഓരോ സ്ലാബിലേക്കുമുള്ള പ്രീമിയം തുകകളുടെ വിശദാംശങ്ങൾ പോർട്ടൽ വഴി ലഭ്യമാകും. 110 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ പങ്കാളികളാകാം. നിലവിലുള്ള രോഗങ്ങൾക്ക് ആദ്യ ദിവസം മുതൽ തന്നെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, അല്ലെങ്കിൽ എൻ.ആർ.കെ ഐഡി കാർഡുള്ളവർക്ക് അപേക്ഷിക്കാം. പോളിസി നിബന്ധനകൾക്ക് വിധേയമായി ഇന്ത്യക്കുള്ളിലെ ചികിത്സകൾക്ക് മാത്രമായിരിക്കും പരിരക്ഷ ലഭ്യമാകുക. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റോ, 1860 4191 401, 1860 4191 402 എന്നീ 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പറുകളോ ഉപയോഗപ്പെടുത്താവുന്നതാണ്.

Tags:    
News Summary - Norca Care Insurance renewals begin today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.