വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം ഉന്നതതല പാനൽ ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ലുൽവ
ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ സംസാരിക്കുന്നു
ഖത്തറിൽ വിദ്യാഭ്യാസ മേഖലയിൽ 6.4 ബില്യൺ റിയാലിന്റെ നിക്ഷേപം
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ 6.4 ബില്യൺ റിയാൽ നിക്ഷേപ പദ്ധതി ഖത്തറിൽ നടപ്പാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ വ്യക്തമാക്കി. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാവർക്കും പഠനാവസരങ്ങൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ഉന്നതതല പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. പദ്ധതിയുടെ ഭാഗമായി 22 സ്കൂളുകൾ വികസിപ്പിക്കും. ഇതിൽ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്കൂളുകളും ഉൾപ്പെടുന്നു.
പുതിയ നാല് സ്കൂളുകൾ സ്ഥാപിക്കുന്നതിനായി സ്വകാര്യ മേഖലയുമായി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് വഴി അയ്യായിരത്തോളം വിദ്യാർഥികൾക്ക് പഠന സൗകര്യം ലഭിക്കും. ഖത്തരി വിദ്യാർഥികൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും സൗജന്യമായും കുറഞ്ഞ ഫീസിലും പഠന സൗകര്യം ഉറപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൽ, ലഭ്യമായ സീറ്റുകളുടെ എണ്ണം 40-ൽ നിന്ന് 18,000-ത്തിലധികമായി ഉയർത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ പങ്കാളികളുടെ സംഭാവനകൾ രണ്ട് ബില്യൺ റിയാൽ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാങ്കേതിക മുന്നേറ്റങ്ങളും തൊഴിൽ മേഖലയെ മാറ്റിമറിക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാഭ്യാസം എന്നത് ഏതെങ്കിലും ബിരുദം കരസ്ഥമാക്കുന്നതോടെ അവസാനിക്കുന്നതല്ലെന്നും ആജീവനാന്ത പഠനവും തുടർച്ചയായ നൈപുണ്യ വികസനവുമാണ് ആവശ്യമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും സുസ്ഥിര വികസനത്തിനും ജനങ്ങളിൽ നിക്ഷേപം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ഏതെങ്കിലും കുട്ടിയുടെ വിദ്യാഭ്യാസ യാത്രക്ക് അവരുടെ സാഹചര്യങ്ങൾ തടസ്സമാകാൻ പാടില്ലെന്നും വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.