കെയർ ആൻഡ് ക്യൂർ ഗ്രൂപ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തറിലെ ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയവും വിശ്വാസ്യതയും നേടിയ കെയർ ആൻഡ് ക്യൂർ ഗ്രൂപ് 25 വർഷത്തെ സേവന പ്രതിബദ്ധതയും വളർച്ചയും അടയാളപ്പെടുത്തി വാർഷിക ദിനാഘോഷം സംഘടിപ്പിക്കുന്നു.
2000ൽ എല്ലാവർക്കും ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കമ്യൂണിറ്റി ഫാർമസിയായി ആരംഭിച്ച കെയർ ആൻഡ് ക്യൂർ ഗ്രൂപ് ഇന്ന് ഖത്തർ, ഇന്ത്യ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ റീട്ടെയിൽ ഫാർമസി, മെഡിക്കൽ ആൻഡ് എഫ്.എം.സി.ജി ഡിസ്ട്രിബ്യൂഷൻ, എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ട്രേഡിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള മൾട്ടി-ഡിവിഷൻ സ്ഥാപനമായി വികസിച്ചു.
‘25 ആൻഡ് ബിയോണ്ട്’ എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ കെയർ ആൻഡ് ക്യൂർ ജീവനക്കാർ, ബിസിനസ് പങ്കാളികൾ, ഗുണകാംക്ഷികൾ എന്നിവരുടെ ഒത്തുചേരൽ ഇന്ന് നടക്കും. വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി കലാ-സാംസ്കാരിക ഇവന്റുകൾ, ദീർഘകാല സേവനം അനുഷ്ഠിച്ചവർക്കുള്ള ആദരവ്, 25 വർഷത്തെ കെയർ എൻ ക്യൂറിന്റെ യാത്രയെ അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്കാരം തുടങ്ങിയ പരിപാടികളും നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ സംരക്ഷണം, ടീം വർക്കുകൾ, സമൂഹ ശാക്തീകരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കെയർ എൻ ക്യൂർ നടത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്കായി ‘ഇഗ്നൈറ്റ് 25’ കലാ-കായികോത്സവങ്ങൾ, തൊഴിലിടങ്ങളിലും സമൂഹത്തിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘വിൻ വിത്ത് വെൽനെസ്’ ഡിജിറ്റൽ ഹെൽത്ത് ആൻഡ് റിവാർഡ്സ് കാമ്പയിൻ, ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമുള്ള ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കി ലോയൽറ്റി പ്ലാറ്റ്ഫോം ‘റാഹ റിവാർഡ്സ്’, രക്തദാന ക്യാമ്പുകൾ, ബീച്ച് ശുചീകരണ യജ്ഞം, പ്രതിരോധ ആരോഗ്യ പരിശോധനകൾ തുടങ്ങി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. രാജ്യത്തുടനീളം 65ലധികം ഫാർമസികളും ഒരു മണിക്കൂർ ഡെലിവറി സേവനവുമുള്ള കെയർ ആൻഡ് ക്യൂർ ഗ്രൂപ് ശക്തമായ ഇ-കോമേഴ്സ് ശൃംഖലയിലൂടെ ഖത്തറിലെ ആരോഗ്യപരിചരണ രംഗത്ത് പുതിയ കുതിച്ചുചാട്ടവും നടത്തുന്നു.
ഈ നേട്ടം കെയർ എൻ ക്യൂർ ഗ്രൂപ്പിന്റെ യാത്രയിൽ പങ്കാളികളായ ജീവനക്കാർ, ബിസിനസ് പാർട്ണർമാർ, ഗുണകാംക്ഷികൾ, ഉപഭോക്താക്കൾ തുടങ്ങി ഓരോരുത്തരുടേതുമാണെന്ന് സ്ഥാപക ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിചരണത്തിന്റേയും പുരോഗതിയുടെയും പാതയിൽ നിന്ന് കൂടുതൽ ക്രിയാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ ഹസനുൽ ബന്ന, ഷാന അബ്ദുറഹിമാൻ, ഉസാമ പയനാട്ട്, ജനറൽ മാനേജർ മുജീബ് കൊടക്കാട്ട്, സി.എഫ്.ഒ നിഹാർ മൊഹപത്ര, ഹൈഡ്രോകെയർ ജനറൽ മാനേജർ മുഹമ്മദ് സലീം, കെയർകോം ജനറൽ മാനേജർ മുഹ്സിൻ മരക്കാർ, അൽഗാലിയ ജനറൽ മാനേജർ ബസ്സാം റഫീഖ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അൻവർ ചേലാട്ട് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.