തകർന്നുവീണ മിസൈലിന്റെ അവശിഷ്ടം (എ.എഫ്.പി)
ദോഹ: അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളും അവയെ തകർക്കാനായി പ്രതിരോധ മന്ത്രാലയം തൊടുത്ത മിസൈൽ വേധസംവിധാനങ്ങളും, ആശങ്കയും ഭീതിയും നിറഞ്ഞ മണിക്കൂറുകൾക്കുശേഷം ഖത്തറിൽ എല്ലാം പതിവു കാഴ്ചതന്നെയായി. മിസൈൽ ആക്രമണത്തിൽ അനിഷ്ട സംഭവങ്ങളോ പരിക്കേറ്റതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും മേഖലയുടെ സമാധാനത്തിനും എന്നും മുൻതൂക്കം നൽകി, മധ്യസ്ഥ ശ്രമങ്ങളുമായി നയതന്ത്രരംഗത്ത് സജീവമായ ഖത്തറിനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു തിങ്കളാഴ്ച വൈകുന്നേരത്തെ മണിക്കൂറുകൾ. ഇറാനും ഇസ്രായേലും തമ്മിലെ ആക്രമണ പ്രത്യാക്രമണവും ഞായറാഴ്ച പുലർച്ച അമേരിക്ക നടത്തിയ ആക്രമണവുമെല്ലാമായി മേഖല സംഘർഷഭരിതമായിരുന്നുവെങ്കിലും ഖത്തറിൽ ഭീതിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനുനേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ആകാശത്ത് ഭീതി നിറച്ചു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ഖത്തറിന്റെ വ്യോമപാത താൽക്കാലികമായി അടച്ചുകൊണ്ടുള്ള അറിയിപ്പെത്തുന്നത്. 6.30ന് ദുബൈയിലേക്കുള്ള ഫ്ലൈ ദുബൈ വിമാനമാണ് അവസാനമായി പറന്നുയർന്നത്. ന്യൂഡൽഹിയിൽനിന്ന് ദോഹയിലേക്ക് പറന്ന എയർഇന്ത്യ വിമാനം ഖത്തർ വ്യോമപരിധിയിലേക്ക് പ്രവേശിക്കും മുമ്പേ വഴിതിരിച്ചുവിട്ടു. ലോകത്തിന്റെ പലദിക്കിൽനിന്നും ദോഹയിലേക്ക് പറന്ന പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ പുറപ്പെട്ട ഇടങ്ങളിലേക്ക് മടങ്ങുകയോ ചെയ്തു. ശേഷം, 45 മിനിറ്റിന് പിന്നാലെയാണ് ദോഹ, അൽ വക്റ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമുഴക്കം കേട്ടത്. പിന്നാലെ ആകാശത്ത് മിസൈലുകളും പ്രത്യക്ഷമായി. അന്തരീക്ഷത്തിൽതന്നെ മിസൈലുകൾ തകർക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് കാണാനും കഴിഞ്ഞു.
ദോഹ നഗരവും പ്രധാന റോഡുകളും പതിവുപോലെ തിരക്കിൽ ഒഴുകുമ്പോഴായിരുന്നു ആകാശത്തെ മിസൈൽ വർഷവും പ്രതിരോധവും. അരമണിക്കൂറോളം നീണ്ട ഭീതിനിറഞ്ഞ അന്തരീക്ഷത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ മിസൈലുകളും പ്രതിരോധവും വിഡിയോ ക്ലിപ്പുകളായി നിറഞ്ഞു. ദോഹയിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് ആകാശത്ത് തീഗോളങ്ങൾ പോലെ ഒന്ന് ദൃശ്യമായതെന്ന് ഒരു പ്രവാസി പങ്കുവെച്ചു. ചിലയിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുകിടക്കുന്ന കാഴ്ചകളുമെത്തി.
ഒടുവിൽ എല്ലാം വിജയകരമായി പ്രതിരോധിച്ചുകൊണ്ട് ഖത്തർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി. രണ്ടു ഘട്ടങ്ങളിലായി 19 മിസൈലുകളാണ് ഇറാന്റെ വടക്കുനിന്നും വടക്കുപടിഞ്ഞാറുനിന്നുമായി അൽ ഉദൈദ് ലക്ഷ്യമാക്കി തൊടുത്തത്. മിസൈൽ ആക്രമണം ഖത്തർ പ്രതിരോധസേന ഫലപ്രദമായി തടഞ്ഞു. ചൊവ്വാഴ്ച പകൽ ഖത്തറിലെ തെരുവുകളും സ്ഥാപനങ്ങളും പതിവുപോലെ സജീവമായി പ്രവർത്തിച്ചു. തെരുവുകളിലും റോഡുകളിലും സാധാരണപോലെ തിരക്ക് അനുഭവപ്പെട്ടു. സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഖത്തർ മന്ത്രാലയവും മറ്റു വിഭാഗങ്ങളും ആവശ്യമായ നിർദേശങ്ങളും ഇടപെടലുകളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.