മുഹമ്മദ് ബിൻ സഅദ് അൽ മുഗൈസിബ്
ദോഹ: 2026ലെ ഫിബ അണ്ടർ 18 ഏഷ്യ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ക്യു.ബി.എഫ്) പ്രഖ്യാപിച്ചു. ഫിബ ഏഷ്യ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ യോഗത്തിൽ ഇത് അംഗീകരിച്ചു.
16 ഏഷ്യൻ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് രണ്ടു സ്റ്റേഡിയങ്ങളിലായി സംഘടിപ്പിക്കും. ദിവസവും എട്ട് മത്സരങ്ങളാണുണ്ടാവുക. 2027ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് അടുത്ത വർഷം അണ്ടർ 18 ഏഷ്യ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുക. ബാസ്കറ്റ് ബാളിന്റെ ലോകപോരാട്ടത്തിന് 2027 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 12 വരെയാണ് ഖത്തർ ആതിഥ്യമൊരുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് അറബ് ലോകത്തിന് ആദ്യ അവസരമാണ്. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ഈ ലോകകപ്പ് നടക്കുന്നത്.
ഏഷ്യയിലെ യുവ ബാസ്കറ്റ്ബാൾ പ്രതിഭകളെ കണ്ടെത്താനുള്ള 2026ലെ എ.എഫ്.സി അണ്ടർ 18 കപ്പ് ഖത്തറിൽ ഒരുക്കുന്നത് വലിയൊരു അംഗീകാരമാണെന്ന് ക്യു.ബി.എഫ് പ്രസിഡന്റ് മുഹമ്മദ് ബിൻ സഅദ് അൽ മുഗൈസിബ് പറഞ്ഞു. മേഖലയിൽ ആദ്യമായി നടക്കുന്ന 2027ലെ ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പ് ആഹ്ലാദത്തോടെ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകകപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ഖത്തർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.