ദോഹ: രണ്ടുമാസത്തെ വേനലവധിക്കാലത്തിന് വിട, രാജ്യത്തെ സർക്കാർ-സ്വകാര്യ സ്കൂളുകൾ ഇന്ന് ആരംഭിക്കും. മൂന്നര ലക്ഷത്തിലേറെ വിദ്യാർഥികളാണ് ക്ലാസ് മുറികളിലെത്തുന്നത്. വിദ്യാർഥികളെ സ്വീകരിക്കാനായി സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. കളികളും യാത്രയും നാട്ടിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമുള്ള വെക്കേഷനും കഴിഞ്ഞ് വിദ്യാർഥികൾ വീണ്ടും കലാലയങ്ങളിലേക്ക് തിരികെയെത്തുകയാണ്.
വേനലവധിക്കായി അടച്ച ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗസ്റ്റ് 31 ഞായറാഴ്ച മുതൽ വീണ്ടും സജീവമാകും. അവധിയാഘോഷിക്കാനായി നാട്ടിലേക്ക് പോയ പ്രവാസി കുടുംബങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തിയിരുന്നു.
സർക്കാർ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷമാണെങ്കിൽ, ഇന്ത്യൻ സ്കൂളുടെ രണ്ടാം പാദത്തിനാണ് തുടക്കമാകുന്നത്. 3.65 ലക്ഷം കുട്ടികളാണ് രണ്ടുമാസം നീണ്ട വേനലവധിക്കാലത്തിന് ശേഷം സ്കൂളുകളിലേക്ക് തിരികെയെത്തുന്നത്. കിൻഡർ ഗാർട്ടനുകൾ ഉൾപ്പെടെ രാജ്യത്ത് 629 വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ 278 ഗവൺമെന്റ് സ്കൂളുകളും 351 സ്വകാര്യ സ്കൂളുകളുമുണ്ട്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1.37 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്. സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 2.28 ലക്ഷം. ഈ വർഷം പൊതുമേഖലയിൽ പത്ത് പുതിയ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ക്ലാസുകൾ ഞായറാഴ്ചയാണ് ആരംഭിക്കുന്നതെങ്കിലും അധ്യാപകർ, സ്കൂൾ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് ആഗസ്റ്റ് 24ന് തന്നെ സ്കൂളിൽ സജീവമാണ്. ഇവർക്കായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ഓറിയന്റേഷൻ പ്രോഗ്രാമുകൾ അവസാനിച്ചു. വിദ്യാർഥികളെ സ്കൂൾ അന്തരീക്ഷത്തിൽ തിരിച്ചെത്തിക്കാനായി ഗവൺമെന്റ് ആവിഷ്കരിച്ച ബാക് ടു സ്കൂൾ പരിപാടികളും സമാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ബാക് ടു സ്കൂൾ പരിപാടിയിൽനിന്ന്
പുതിയ അധ്യയന വർഷത്തെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സർക്കാർ സ്കൂളുകളും ഇന്ത്യൻ സ്കൂളുകൾ അടക്കമുള്ള സ്വകാര്യ സ്കൂളുകളും അക്കാദമിക- അക്കാദമികേതര മേഖലകളിൽ മികവു ഉറപ്പാക്കുന്നതിനായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങുകയാണ്. 629 സ്കൂളുകളിൽ സുരക്ഷാ സംവിധാനങ്ങളും വികസന പ്രവർത്തനങ്ങളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ, വിനോദ, കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ അഷ്ഗാലുമായി സഹകരിച്ചും സ്കൂളുകൾ നവീകരിക്കുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി അധ്യാപകരെയും-അനധ്യാപകരെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂളുകളിൽ ഓറിയന്റേഷൻ പ്രോഗ്രാമുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപന സംവിധാനങ്ങൾ ക്ലാസ് മുറികളിൽ ഉറപ്പാക്കിയിട്ടുമുണ്ട്.
നീണ്ട ഇടവേള കഴിഞ്ഞ് അധ്യയന വർഷം പുനരാരംഭിക്കുമ്പോൾ സുരക്ഷ ക്രമീകരണങ്ങളുറപ്പാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുടെ ആരോഗ്യം, ശുചിത്വം, റോഡ് സുരക്ഷ, കാൽനടക്കാരുടെ സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സൂക്ഷ്മതയുണ്ടാണം. കുട്ടികൾക്കായി സുരക്ഷാ നടപടികൾ കർശനമായി പാലിച്ചുകൊണ്ട് അധ്യയന വർഷം സുരക്ഷിതമായി ആരംഭിക്കാം. അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസരിച്ച് സ്കൂളുകളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുകയും കെട്ടിടങ്ങളുടെ സൗകര്യങ്ങളും കാര്യക്ഷമതയും പഠനാന്തരീക്ഷ നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 53 സ്കൂളുകളുടെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതടക്കം രാജ്യത്തെ 629 സ്കൂളുകളിൽ സുരക്ഷാ സംവിധാനങ്ങളും വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
വാഹനാപകടങ്ങൾ ഒഴിവാക്കി, സുരക്ഷിതത്വം പാലിക്കുന്നതിന് രക്ഷിതാക്കൾ, സ്കൂൾ അധികൃതർ, ഡ്രൈവർമാർ എല്ലാവരും ജാഗ്രത പാലിക്കണം. സീറ്റുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, മാതാപിതാക്കളും ബസ് ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് അണിയുക, വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.
സ്കൂൾ പ്രവേശന കവാടങ്ങളിൽ വേഗം കുറക്കുന്നതിന് സ്പീഡ് ബമ്പുകളും കാൽനട ക്രോസിങ്ങുകളും ഉറപ്പാക്കുകയും ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേഗ പരിധി നിർബന്ധമാക്കുന്നത് അടക്കം സ്കൂൾ പരിസരങ്ങളിൽ തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. റോഡ് ക്രോസിങ്ങുകളും സ്റ്റോപ് ലൈനുകളും പോലുള്ള റോഡ് അടയാളങ്ങൾ പെയിന്റ് ചെയ്യൽ, സ്കൂളുകൾക്ക് സമീപമുള്ള നടപ്പാതകൾ നവീകരിക്കൽ, ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സഞ്ചാരം സുഗമമാക്കാൻ നടപ്പാതകളിൽ റാമ്പുകളും ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.