പെറു ക്യാപ്റ്റൻ പെഡ്രോ ഗാല്ലെസും കോച്ച് റിക്കാർഡോ ഗരേകയും വാർത്തസമ്മേളനത്തിൽ
ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ ഗാലറി സ്റ്റാൻഡുകൾ തിങ്കളാഴ്ച രാത്രിയിൽ ചുവപ്പും വെള്ളയും നിറങ്ങളിൽ ഓളം വെട്ടും. ഖത്തറിന്‍റെ മണ്ണിൽ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽനിന്നുള്ളവർ വലിയൊരു പ്രവാസസമൂഹമല്ലെങ്കിലും യൂറോപ്പിൽ അവർ ഏറെയുണ്ട്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ വലിയ തോതിലാണ് പെറുവിൽ നിന്നുള്ളവരുടെ സാന്നിധ്യം. 35 ലക്ഷത്തോളം പേർ സ്വദേശികൾ പെറുവിന് പുറത്ത് ജീവിക്കുന്നുവെന്നാണ് കണക്ക്. അവരിൽ ഏറെയും യൂറോപ്പിൽ. ഇവരിൽ നിന്നും വലിയൊരു വിഭാഗം തങ്ങളുടെ ടീമിനെ പിന്തുണക്കാനായി ഖത്തറിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന് പെറുമാധ്യമങ്ങളും കോച്ച് റിക്കാർഡോ ഗരേകയും ശരിവെക്കുന്നു.
ലോകകപ്പിലേക്കുള്ള നിർണായക അങ്കത്തിൽ പെഡ്രോ ഗാല്ലിസും സംഘവും ബൂട്ടുകെട്ടുമ്പോൾ ഗാലറിയിൽ 12,000ത്തോളം ആരാധകർ ആരവമായെത്തും. ലോകഫുട്ബാളിലെ ഏറ്റവും വലിയ ട്രാവലിങ് ആരാധകപ്പടയെന്ന് വിശേഷിപ്പിക്കാവുന്ന ലാറ്റിനമേരിക്കൻ ഫുട്ബാൾ ഭ്രാന്തിന്‍റെ എല്ലാ ആവേശവും പേറിയാണ് ഇവരുടെ വരവ്. ജൂൺ അഞ്ചിന് സ്പെയിനിൽ ന്യൂസിലൻഡിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഗാലറി നിറഞ്ഞ അതേ ആവേശവുമായി റെഡ് ആൻഡ് വൈറ്റ് ആർമി ദോഹയിലും ഓളങ്ങൾ തീർക്കും.
കളത്തിൽ എതിരാളികളായ സോക്കറൂസ് നേരിടുന്ന വെല്ലുവിളിയും ഗാലറിയിലെ ഈ ആധിപത്യം തന്നെയാണ്. 500നും ആയിരത്തിനുമിടയിലെ സോക്കറൂസിന്‍റെ മഞ്ഞയും നീലയും ഗോൾഡും നിറങ്ങളിലെ ആരാധക ആവേശം മുങ്ങിപ്പോവും. എന്നാൽ, എണ്ണത്തിൽ കുറവായിരിക്കുമെങ്കിലും ടീമിനെ പിന്തുണക്കാൻ തങ്ങളുടെ ശബ്ദവും സജീവമായി ഉയരുമെന്ന് സിഡ്നിയിൽ നിന്നും ഒരാഴ്ച മുമ്പു തന്നെ ദോഹയിലെത്തിയ സോക്കറൂസ് ആരാധകൻ അഡ്രിയാൻ ബ്രെട്ട് പറയുന്നു. യു.എ.ഇക്കെതിരായ മത്സത്തിന്‍റെ ഇരട്ടി ആവേശത്തോടെയാവും താനും കൂട്ടുകാരും ഇന്നിറങ്ങുകയെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ 'എ.പി'യോട് പ്രതികരിക്കുന്നു. വ്യാഴാഴ്ച ടീമിന്‍റെ പരിശീലനം കാണാനും ഫോട്ടോയും ഓട്ടോഗ്രാഫ് സ്വീകരിക്കാനും സോക്കറൂസ് ആരാധകർക്ക് അവസരം നൽകിയിരുന്നു.
മുൻതൂക്കം പെറുവിന്
ഫിഫ റാങ്കിങ്ങിൽ പെറു 22ഉം, ആസ്ട്രേലിയ 42ഉം സ്ഥാനത്താണ്. എന്നാൽ, കരുത്തായ അർജന്‍റീനയും ബ്രസീലും ചിലിയും ഉറുഗ്വായും ഉൾപ്പെടെ ലോകഫുട്ബാളിലെ സൂപ്പർ പവറുകളുമായി നിരന്തരം ഏറ്റുമുട്ടുന്ന പെറുവിന് തന്നെ കളത്തിലെ മുൻതൂക്കം. 2018 റഷ്യ ലോകകപ്പിന്‍റെ േപ്ല ഓഫിൽ ഹോണ്ടുറസിനെ തോൽപിച്ച് യോഗ്യത നേടിയ സോക്കറൂസിന് പക്ഷേ, ഇക്കുറി കാര്യങ്ങൾ എളുപ്പമാവില്ല. ഗോൾകീപ്പറായ ക്യാപ്റ്റൻ മാത്യൂ റ്യാനും, മുന്നേറ്റത്തിലെ ജാക്സൺ ഇർവൻ, അഡിർ റുസ്റ്റിച്, മാത്യൂ ലെകീ തുടങ്ങിയ താരങ്ങളാണ് സോക്കറുസിന്‍റെ കരുത്ത്.
എതിരാളിയെ ഒരിക്കലും നിസ്സാരക്കാരായി കാണുന്നില്ലെന്ന് പെറുവിന്‍റെ അർജന്‍റീന കോച്ച് റിക്കാർഡോ ഗരേക പറയുന്നു. 'മത്സരം കടുത്തതാവും. കളി ജയിക്കുക എന്നതിലാണ് ടീമിന്‍റെ ഫോക്കസ്. മൂഴുവൻ ശ്രദ്ധയും ഈ മത്സരത്തിൽ അർപ്പിച്ചാണ് ടീം ഒരുങ്ങിയത്. ജയിക്കുന്നവർക്ക് മാത്രമേ ഇവിടെ പ്രസക്തിയുള്ളൂ. അതുകൊണ്ട് തന്നെ ഇരു ടീമിനും കടുപ്പമേറിയാണ് ഈ മത്സരം' -ഞായറാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ കോച്ച് പറഞ്ഞു. 2015 മുതൽ ദേശീയ ടീമിന്‍റെ പരിശീലക പദവിയിലുണ്ട് ഗരേക. 2018 റഷ്യ ലോകകപ്പിന് പെറുവിന് യോഗ്യത സമ്മാനിച്ചതോടെ അർജന്‍റീനക്കാരൻ അവരുടെ ദേശീയ ഹീറോ ആയി മാറി. 1982നു ശേഷം ആദ്യമായിട്ടായിരുന്നു അന്ന് പെറുവിന്‍റെ ലോകകപ്പ് യോഗ്യത.
തുടർച്ചയായി ഏഴു വർഷം കോച്ചിന്‍റെ സീറ്റിൽ ഗരേകയെ വിശ്വസിച്ചിരുത്തിയതും പെറുവിന് മറ്റൊരു ലോകകപ്പ് ടിക്കറ്റ് ലഭിക്കുമെന്നു വിശ്വാസത്തിലാണ്. അത് പൂവണിയുന്നതിന് സാക്ഷിയാവാനാണ് പതിനായിരത്തിലെറെ ആരാധകർ ദോഹയിലേക്ക് ഒഴുകിയെത്തിയതും. സെൽറ്റ താരം റെനറ്റോ ടാപിയയും ബൊക ജൂനിയേഴ്സിന്‍റെ ലൂയിസ് അഡ്വിൻകുലയും പരിക്ക് മാറി ടീമിനൊപ്പം ചേർന്നതായും, പരിചയ സമ്പന്നനായ മധ്യനിര താരം യോഷിമർ യോടൻ ഫിറ്റ്നസ് വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.