ദോഹ: വിദേശ രാജ്യങ്ങളിലെയും സ്വദേശത്തെയും പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് പ്രഭാഷണ പരിപാടിയുമായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. ആമിൻഹും മിൻ ഖൗഫ് (ഭയത്തിൽനിന്നും അവരെ സംരക്ഷിക്കുക) എന്ന തലക്കെട്ടിലുള്ള പരിപാടിക്ക് കഴിഞ്ഞ ദിവസം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ തുടക്കം കുറിച്ചു.
വ്യാഴാഴ്ച വരെ നീളുന്ന പരിപാടി ഓപൺ സെഷനായാണ് നടക്കുക.
ഇസ്ലാമിക ലോകവുമായി ബന്ധപ്പെട്ട ഓരോ വിഷയവും അത് അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അതിന്റെ സമഗ്ര സാംസ്കാരിക സുരക്ഷയുടെ ഭാവിയും അഞ്ച് ദിവസം നീളുന്ന പരിപാടിയിൽ ചർച്ച ചെയ്യും.
ആദ്യദിനം ഖത്തർ സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം ഡീൻ ഡോ. ഇബ്റാഹിം അബ്ദുല്ല അൽ അൻസാരി സംസാരിച്ചു.
ഇൻറർനാഷണൽ യൂനിയൻ ഓഫ് മുസ്ലിം സ്കോളേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ഇസ്സാം അൽ ബഷീർ, ട്രിപളി റെസിറ്റേഷൻ ശൈഖ് ഡോ. ബിലാൽ ബറൂദി, ഖത്തർ സർവകലാശാല ശരീഅ കോളജ് പ്രഫസർ ഡോ. നൂർ അൽ ദീൻ അൽഖാദിമി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
2014ലാണ് ഇത്തരത്തിൽ ഔഖാഫ് മന്ത്രാലയം റമദാൻ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
തുടക്കം മുതൽ ഇതുവരെയായി 130ഓളം മുതിർന്ന ഇസ്ലാമിക പണ്ഡിതന്മാർക്കും ചിന്തകർക്കും വേദിയൊരുക്കാൻ ഔഖാഫിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.