സാമൂഹിക വികസന-കുടുംബ ക്ഷേമ മന്ത്രാലയം ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽനിന്ന്
ദോഹ: പരിമിതികളെ തോൽപിച്ച് കലാപ്രകടനംകൊണ്ട് അടയാളപ്പെടുത്തിയ ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രദർശിപ്പിച്ച് കുടുംബ സാമൂഹിക വികസന മന്ത്രാലയം. ‘എന്റെ കഴിവ് കൊണ്ട് എന്റെ ശക്തി സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് മുശൈരിബ് ഡൗൺ ടൗണിലെ ഗലേറിയയിൽ അന്തർദേശീയ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചത്.
ഡിസംബർ ഏഴുമുതൽ ഒമ്പതുവരെ നടന്ന പ്രദർശനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ കാഴ്ചക്കാരായെത്തി. മുശൈരിബ് പ്രോപ്പർട്ടീസുമായി സഹകരിച്ച് അൽ ഷഫല്ലഹ് സെന്റർ ഫോർ പേഴ്സൻ വിത്ത് ഡിസെബിലിറ്റീസ് സംഘടിപ്പിച്ച പ്രദർശനത്തിൽ, ഭിന്നശേഷിക്കാരുടെ ചിത്രരചനകളും കരകൗശലക വസ്തുക്കളും വൈവിധ്യമാർന്ന വിനോദ പരിപാടികളും അവരുടെ കഴിവുകളെ സന്ദർശകർക്കുമുന്നിൽ ഉയർത്തിക്കാട്ടുന്നതായിരുന്നു.
വിവിധ കഴിവുകളുള്ള ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകേണ്ടതിന്റെയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവരുടെ കഴിവുകളെ പിന്തുണക്കാനും പ്രദർശനം ശ്രമിക്കുന്നുവെന്ന് മന്ത്രാലയത്തിലെ കുടുംബകാര്യങ്ങൾക്കായുള്ള അസി.അണ്ടർ സെക്രട്ടറി ശൈഖ ബിൻത് ജാസിം ആൽഥാനി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ഉയർന്ന കഴിവുകളെയാണ് പ്രദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ റീം അൽ അജ്മി പറഞ്ഞു. സമൂഹത്തിൽ അവരെ ശാക്തീകരിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെയും അവരെ പുനരധിവസിപ്പിക്കുന്നതിലൂടെയും മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളെക്കൂടി പ്രദർശനം ശക്തിപ്പെടുത്തുന്നുവെന്നും അൽ അജ്മി കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാർക്ക് അവയുടെ വൈകല്യത്തിന്റെ തോതനുസരിച്ച് പരിശീലനം, പുനരധിവാസം, പിന്തുണ എന്നിവ നൽകിക്കൊണ്ട് സമഗ്ര വികസനത്തിൽ അവരുടെ പരിശ്രമവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ സാമൂഹികക്ഷേമ വകുപ്പിന് താൽപര്യമുണ്ടെന്നും റീം അൽ അജ്മി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.