ദോഹ: അറബ് മേഖല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണെന്ന് വിദഗ്ധർ. ലോകതലത്തിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് അറബ് മേഖലയിലാണ്. ഇവിടെ തൊഴിലില്ലായ്മ 29 ശതമാനമാണെന്ന് ദോഹയിൽ നടന്ന എൻറിച്ചിങ് മിഡിലീസ്റ്റ്സ് ഇക്കണോമിക് ഫ്യൂച്ചർ കോൺഫറൻസിൽ സംബന്ധിച്ച വിദഗ്ധർ പറഞ്ഞു. അറബ് മേഖല നേരിടുന്ന സാമ്പത്തിക വെല്ലുവിളികളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത്. അറബ് മേഖലയിലെ തൊഴിലില്ലായ്മ 29 ശതമാനത്തിൽ അധികമായതായി സമ്മേളനത്തിൽ സംസാരിച്ചവർ വ്യക്തമാക്കി. യുവ സമൂഹത്തിെൻറ തൊഴിലില്ലായ്മ വലിയ പ്രശ്നം സൃഷ്ടിക്കും. വിദേശകാര്യ മന്ത്രാലയത്തിലെ പെർമനൻറ് കമ്മിറ്റി ഫോർ ഒാർഗനൈസിങ് കോൺഫറൻസസും കാലിേഫാർണിയ സർവകലാശാല മിഡിലീസ്റ്റ് ഡെവലപ്മെൻറ് സെൻററും സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.
മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖല ശക്തമായ സമ്പദ്വ്യവസ്ഥയുള്ളതാണെങ്കിലും ചില വെല്ലുവിളികൾ അനുഭവിക്കുന്നുണ്ട്. മേഖലയിലെ സമ്പദ്വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിന് സ്വകാര്യ മേഖലയും ശക്തമായി വളരേണ്ടതുണ്ട്. അഴിമതി പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികൾ തുടരണം.
ജനങ്ങൾക്കിടയിലുള്ള വരുമാന വ്യത്യാസം, ഉയരുന്ന തൊഴിലില്ലായ്മ, കാലാവസ്ഥ വ്യതിയാനം എന്നീ മൂന്ന് മേഖലകളാണ് പ്രധാന വെല്ലുവിളികളെന്നും സമ്മേളനത്തിൽ സംസാരിച്ചവർ വിലയിരുത്തി. അറബ് മേഖലയിലെ സമ്പത്തിെൻറ 67 ശതമാനവും ജനസംഖ്യയുടെ പത്ത് ശതമാനം പേരുടെ കൈവശമാണ്. പ്രകൃതി വിഭവങ്ങളെ കേന്ദ്രീകരിച്ചാണ് മേഖലയിലെ സാമ്പത്തിക നയങ്ങൾ രൂപവത്കരിച്ചിട്ടുള്ളത്. എന്നാൽ, വിപണി കൂടുതൽ വൈവിധ്യവത്കരിക്കേണ്ടതുണ്ട്. തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ അർഹരാക്കുന്ന വിധം പൗരൻമാരുടെ വിദ്യാഭ്യാസവും കഴിവുകളും വികസിപ്പിക്കാൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.