അമീർകപ്പ് ഫുട്ബാൾ ജേതാക്കൾക്കുള്ള ട്രോഫി പുറത്തിറക്കുന്നു
ദോഹ: പ്രദേശിക ക്ലബ് ഫുട്ബാളിലെ പ്രധാന ടൂർണമെന്റായ അമീർ കപ്പിൽ ജേതാക്കൾക്കുള്ള സമ്മാനത്തുക ഉയർത്തി ഖത്തർ ഫുട്ബാൾ അസോസിയേഷൻ. ഇത്തവണ ജേതാക്കൾക്ക് രണ്ടുകോടി റിയാലും റണ്ണേഴ്സ്അപ്പാവുന്ന ടീമിന് ഒരുകോടി റിയാലും സമ്മാനത്തുകയായി ലഭിക്കുമെന്ന് ക്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
മേയ് 12ന് അൽ സദ്ദും അൽ അറബിയും തമ്മിൽ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടാനിരിക്കെയാണ് സമ്മാനത്തുക ഉയർത്തുന്നത്. ഇതിനുപുറമെ, ഖത്തർകപ്പിലെ സമ്മാനത്തുകയും ഉയർത്തി. അടുത്ത സീസൺ മുതൽ രണ്ടുകോടി റിയാലാണ് ഫൈനലിലെ സമ്മാനത്തുക.
ജേതാക്കൾക്ക് ഒന്നരക്കോടി റിയാൽ ലഭിക്കുമ്പോൾ, റണ്ണേഴ്സ്അപ്പിന് 50 ലക്ഷം റിയാൽ സമ്മാനമായി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന അമീർ കപ്പ് 51ാമത് എഡിഷൻ ഫൈനൽ വൻ വിജയമായി മാറുമെന്ന് ക്യു.എഫ്.എ പ്രസിഡന്റ് പറഞ്ഞു. ഖത്തറിൽ വലിയ ആരാധകസംഘമുള്ള ടീമുകളാണ് ഇരുവരും. മികച്ച താരങ്ങളും നല്ല കളിയും കാഴ്ചവെക്കുന്ന ടീമുകളുടെ ഫൈനൽ ഏറ്റവും നിലവാരത്തിലുള്ള ഫുട്ബാളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.