അയർലൻഡിലെ ടിപ്പെറേരിയിൽ അന്താരാഷ്ട്ര സമാധാന പുരസ്കാര ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി സംസാരിക്കുന്നു
ദോഹ: ലോകത്തിൽ ഇന്നുള്ള അപൂർവമായ നേതൃത്വ മാതൃകയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടേതെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി പറഞ്ഞു. ഭരണം മാത്രമല്ല, പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് മുതൽ പ്രാദേശിക, അന്തർദേശീയ സമാധാനത്തെ പിന്തുണക്കുന്നത് വരെയുള്ള എല്ലാ കടമകൾക്കും അദ്ദേഹം, തന്റെ എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ നടന്ന അന്താരാഷ്ട്ര സമാധാന പുരസ്കാര ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള പാവപ്പെട്ടവരെയും അമീർ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. നഷ്ടപ്പെട്ട ഓരോ ജീവനും വേണ്ടി അദ്ദേഹം ദുഃഖിക്കുന്നുണ്ട്. സമാധാനം സംരക്ഷിക്കപ്പെടേണ്ട ഒരു പൈതൃകമാണെന്ന് വിശ്വസിക്കുന്നയാളാണ് ഖത്തർ അമീർ. ഇക്കാര്യത്തിൽ, അമീറിനോടുള്ള അഭിമാനത്തിന്റെ വ്യാപ്തി വാക്കുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 വർഷത്തിലേറെയായി അമീറിന്റെ നേതൃത്വത്തിൽ ഖത്തർ രാജ്യത്തെ സേവിക്കാനുള്ള ബഹുമതി തനിക്ക് ലഭിച്ചിട്ടുണ്ട്. കഴിയുന്നിടത്തോളം കാലം അദ്ദേഹത്തെ ആദരിച്ച് ഒപ്പം തുടരും. അമീറിന്റെ ജ്ഞാനം, അഭിനിവേശം, ദൃഢനിശ്ചയം എന്നിവ പ്രചോദനത്തിന്റെ വ്യക്തിപരമായ ഉറവിടമാണെന്നും അവയാണ് തന്നെ തുടരാൻ പ്രേരിപ്പിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ഗസ്സ മുതൽ അഫ്ഗാനിസ്താൻ വരെയും, ലബനാൻ മുതൽ യുക്രെയ്ൻ വരെയും ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. എന്നാൽ, ഖത്തർ ചെയ്യുന്നത് വെറും മധ്യസ്ഥത മാത്രമല്ല, ലോകത്തിന്റെ പരിവർത്തനംകൂടിയാണ്. ഇത് ഒരു തന്ത്രപരമായ നീക്കമല്ല, മറിച്ച്, സംസ്കാരത്താൽ രൂപപ്പെട്ടതും ഖത്തറിന്റെ ദേശീയ സ്വത്വത്തിന്റെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ അവാർഡ് ഒരു നിർണായക നിമിഷത്തിലാണ് ലഭിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഖത്തർ ഒരു മിസൈൽ ആക്രമണത്തിന് വിധേയരായത്.
ഖത്തറിന്റെ വ്യോമ പ്രതിരോധ സേന അവരുടെ കടമ കൃത്യമായി നിറവേറ്റി. പുലർച്ചയോടെത്തന്നെ വെടിനിർത്തൽ ഉറപ്പാക്കാൻ നയതന്ത്രജ്ഞരും പ്രവർത്തിച്ചു. ആ നിമിഷങ്ങൾ പ്രതികാരത്തിന്റെതായിരുന്നില്ല, മറിച്ച്, വിവേകത്തിന്റെയും സംയമനത്തിന്റെയും നിമിഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലഹീനതകൊണ്ടല്ല, മറിച്ച്, ശക്തികൊണ്ടാണ് ഖത്തർ സംയമനം പാലിച്ചത്. കാരണം, കേവലം ശക്തിപ്രകടനങ്ങൾക്കും വാചാടോപങ്ങൾക്കും മുകളിലാണ് ഖത്തർ തങ്ങളുടെ പ്രദേശത്തിന്റെ സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും പ്രതിഷ്ഠിച്ചിരിക്കുന്നത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഖത്തർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിയിരുന്നു. എന്നാൽ, ഇസ്രായേലിന്റെ അശ്രദ്ധമായ പെരുമാറ്റമാണ് സംഘർഷം അസഹനീയമായി രൂക്ഷമാകാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ സായുധസേന രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ധീരമായി പ്രവർത്തിച്ചു. നയതന്ത്രജ്ഞർ ശരിയായ ഇടപെടലുകൾ നടത്തി, രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നുവെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത തലമുറയെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു സന്ദേശംകൂടി നൽകിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ‘സമാധാനം പരാധീനതയാണെന്ന് കരുതരുത്, അത് യുദ്ധത്തേക്കാൾ കരുത്തുറ്റതാണ്, അത് വിദ്വേഷത്തെക്കാൾ ശക്തവും അക്രമത്തേക്കാൾ ഉച്ചത്തിലുള്ളതുമാണ്’ -ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.