ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്തിൽ നടന്ന മുപ്പത്തെട്ടാമത് ഉച്ചകോടിയിൽ സംബന്ധിച്ചത് ജി.സി.സി സംവിധാനം നിലനിൽക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രി. ഉച്ചകോടി വേണ്ടത്ര വിജയിച്ചു എന്ന് പറയാനാകില്ലെങ്കിലും കുവൈത്ത് നടത്തിയ തീവ്രശ്രമത്തിെൻറ ഫലം കാണാൻ സാധിച്ചു. ഉച്ചകോടിയിൽ നിന്ന് ഖത്തർ പ്രതീക്ഷിച്ചത് ലഭിച്ചോ എന്ന ചോദ്യത്തിന് പൂർണമായി ഇല്ലെന്ന് തന്നെയാണ് മറുപടിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അൽജസീറ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗ രാജ്യങ്ങളുടെ ഉയർന്ന തലത്തിലുള്ള പ്രാതിനിധ്യമാണ് തങ്ങൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ വളരെ താഴ്ന്ന നിലവാരത്തിലുള്ള പങ്കാളിത്തമാണ് ചില രാജ്യങ്ങളിൽ നിന്നുണ്ടായത്. ഗൾഫ് പ്രതിസന്ധി പ്രധാന ചർച്ചയാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അത്തരമൊരു വിഷയം ചർച്ച ചെയ്യാൻ മാത്രം ശക്തമായ നേതൃത്വം ഉച്ചകോടിയിൽ സംബന്ധിച്ചില്ല. ഉച്ചകോടി നടക്കുന്ന ദിവസമാണ് പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ മാറ്റം വന്നത്. എന്നാൽ പങ്കെടുക്കുമെന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ അമീർ തയ്യാറായില്ല. ജി.സി.സി സജീവമായി നിലനിൽക്കണമെന്ന ആഗ്രഹമാണ് പിന്നിലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഉച്ചകോടി നടത്തുന്നതിന് കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് നടത്തിയ പരിശ്രമം ഏറെ പ്രശംസനീയമാണ്. ഖത്തറിനെതിരിൽ അടിസ്ഥാന രഹിതമായ കുറ്റങ്ങൾ കെട്ടിച്ചമക്കുകയും അതിെൻറ അടിസ്ഥാനത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കുകയുമാണ് ഉപരോധ രാജ്യങ്ങൾ ചെയ്തത്. ഇത്തരം വിഷയങ്ങൾ കൂടി പരിഗണിച്ച് വേണം കാര്യങ്ങൾ വിലയിരുത്താൻ. പ്രതിസന്ധി പരിഹരിക്കുന്നതിന് ഏതറ്റം വരെ പോകാനും തങ്ങൾ തയ്യാറാണ്. നിരവധി മേഖലകളിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഗൾഫ് രാജ്യങ്ങൾ. കുടുംബപരമായും മതപരമായും സാംസ്ക്കാരികമായും സാമൂഹികമായുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് ഗൾഫ് മേഖലയിലെ ജനങ്ങൾ ജീവിക്കുന്നത്.
സൗദി അറേബ്യയുടെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ അമീറുമായി ഒരു തവണ സംസാരിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.