ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു
പതാകയാൽ അലങ്കരിച്ചപ്പോൾ
ദോഹ: ത്രിവർണ പതാകയാൽ അലങ്കരിക്കപ്പെട്ട ഐ.സി.സി മുറ്റവും അശോക ഹാളും, വലിയ ത്രിവർണ പതാകയേന്തി സെൽഫിയെടുക്കാൻ കാത്തിരിക്കുന്നവർ, സ്വാതന്ത്ര്യദിനം ആഘോഷിക്കാനെത്തിയ കുഞ്ഞു ബാപ്പുജി...കനത്ത ചൂടിനെയും വകവെക്കാതെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ ദേശഭക്തിയോടെ അണിനിരന്നു. ത്രിവർണ പതാക വാനിലേക്കുയർന്ന പുലരിയിൽ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസി നേതൃത്വത്തിൽ ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനൊപ്പം ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ, സാമൂഹിക സംഘടനകൾ, കൂട്ടായ്മകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി വിവിധയിടങ്ങളിലും പ്രവാസി സമൂഹം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.
രാവിലെ ഏഴിന് ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തി പ്രവാസ മണ്ണിലെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ‘ജയ് ഹിന്ദ്...’ വിളികളോടെയാണ് പ്രവാസികൾ സ്വാഗതം ചെയ്തത്. തുടർന്ന് എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ഐ.സി.സി അശോക ഹാളിൽ മഹത്മാ ഗാന്ധിയുടെ ചിത്രത്തിൽ ഇന്ത്യൻ സ്ഥാനപതി പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞു.
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച അംബാഡർ വിപുൽ, ഫെബ്രുവരിയിൽ ഖത്തർ അമീർ നടത്തിയ ഇന്ത്യ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു. പഹൽഗാം ആക്രമണത്തിനു മറുപടിയായി ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ ബഹുകക്ഷി പ്രതിനിധിസംഘം ഖത്തറിൽ നടത്തിയ ചർച്ചകൾ അദ്ദേഹം വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ചതിന് ഖത്തറിന് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിനുള്ള തുടർച്ചയായ പിന്തുണക്കും സംരക്ഷണത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്കും ഖത്തർ സർക്കാറിനും അംബാസഡർ കൃതഞ്ജത രേഖപ്പെടുത്തി. ഖത്തറിന്റെയും ഇന്ത്യയുടെയും വളർച്ചയിൽ നിർണായക പിന്തുണ നൽകുന്നവരാണ് പ്രവാസി സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ചയിലും വികസനത്തിലും മികച്ച ബന്ധം വളർത്തുന്നതിലും ഖത്തറിലെ പ്രവാസികൾ നിർണായക പങ്ക് വഹിക്കുന്നു. സമൂഹിക ക്ഷേമവും പുരോഗതിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾ നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇന്ത്യൻ പ്രവാസികളായ 350ലധികം പേർ പങ്കെടുത്ത ചടങ്ങിൽ കലാപരിപാടികളും അരങ്ങേറി.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയപതാക ഉയർത്തുന്നു
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എല്ലാ മേഖലയിലും കൂടുതൽ ശക്തമായെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യാ സന്ദർശനവും ഇരുരാഷ്ട്രങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള കരാറുകളും ഇന്ത്യ-ഖത്തർ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നത്. ഈ രാജ്യത്തിന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകൾ ഖത്തർ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഖത്തർ അമീർ രണ്ടാം തവണ ഇന്ത്യ സന്ദർശിച്ച വർഷമാണിത്. ഉഭയകക്ഷി ബന്ധം മുമ്പോട്ടു പോകാനായി ഒരുപാട് കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. വ്യാപാരം, രാഷ്ട്രീയ-സാംസ്കാരിക ബന്ധം എന്നിവയിൽ എല്ലാം നമ്മൾ മുമ്പോട്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനം പോലെയുള്ള ആഘോഷവേളയിൽ ഇന്ത്യൻ സമൂഹത്തെ കാണുന്നതിൽ വ്യക്തിപരമായി ഏറെ സന്തോഷമുണ്ട്. കമ്യൂണിറ്റി സംഘടനകളുമായി ചേർന്ന് പ്രവാസികൾക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് എംബസി ശ്രമിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സംഘടനകളുടെ സംരംഭത്തെ എംബസി എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാ സമയത്തും ഇന്ത്യൻ എംബസി മുന്നിലുണ്ടാകും. രോഗികൾ അടക്കം അടിയന്തര സേവനം ആവശ്യമുള്ള പ്രവാസികൾക്ക് എല്ലാ തരത്തിലുള്ള സേവനവും ഉറപ്പാക്കുമെന്നും അംബാസഡർ വ്യക്തമാക്കി.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: രാജ്യത്തോടുള്ള സ്നേഹവും ഐക്യവും വിളിച്ചോതി ഐഡിയൽ ഇന്ത്യൻ സ്കൂളിൽ 79ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി എം.പി ദേശീയ പതാക ഉയർത്തി. തുടർന്ന് സ്കൂൾ ഗായകസംഘം ദേശീയ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ ശൈഖ് ശമീം, വിവിധ ഡിപ്പാർട്മെന്റ് തലവന്മാർ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയും ത്യാഗവും ഓർമിക്കേണ്ടതിന്റെ പ്രാധാന്യം സ്കൂൾ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി എം.പി തന്റെ സംസാരത്തിൽ ഓർമിപ്പിച്ചു. അവരുടെ നിസ്വാർഥമായ അർപ്പണബോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും സ്വാതന്ത്ര്യം സംരക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കാനും നമ്മെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനം നമ്മുടെ മഹത്തായ നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗങ്ങൾക്ക് നന്ദി അറിയിക്കാനുള്ള സമയമാണെന്ന് പ്രിൻസിപ്പൽ ശൈഖ് ശമീം പറഞ്ഞു. അറബിക് വിഭാഗം അധ്യാപകൻ ഇംറാന്റെ പ്രാർഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.
റിയാന അബ്ദുൽ റഷീദ് കവിത ചൊല്ലി. ഐറ ഫർഹാൻ, വേദ വിവേക്, ദിയ കാർത്തിക് എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. ജൂനിയർ വിഭാഗം അധ്യാപിക ഹീന ഫർഹാന പരിപാടി നിയന്ത്രിച്ചു.
ദോഹ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കാമ്പസിലെ കെ.ജി ഹാളിൽ വെച്ച് ആഘോഷിച്ചു. രാവിലെ 8.20ന് ആരംഭിച്ച പരിപാടിയിൽ വിദ്യാർഥികളും ജീവനക്കാരും വിശിഷ്ടാതിഥികളും പങ്കെടുത്തു.
മുഹമ്മദ് അബ്ദുൽ മുഖീത്തിന്റെ ആമുഖത്തോടെ ആരംഭിച്ച പരിപാടിയിൽ സാലിഖ് റിയാസ് പ്രാർഥന നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ആദരിച്ചുകൊണ്ട് ഹെഡ് ബോയ് മുഹമ്മദ് കമൽ അലി ബദ് റൻ സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ (ഓഫിഷ്യേറ്റിങ്) മുഹമ്മദ് ഇല്യാസ് ദേശീയ പതാക ഉയർത്തി.
സ്കൂൾ ഗായകസംഘം ദേശീയ ഗാനം ആലപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ പൈതൃകം ഓർമിക്കേണ്ടതിന്റെ പ്രാധാന്യം പ്രിൻസിപ്പൽ മുഹമ്മദ് ഇല്യാസ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ ആശയങ്ങളുടെ ഭാവി വാഹകരായ വിദ്യാർഥികളെ ഓർമിപ്പിച്ചുകൊണ്ട് സത്യസന്ധത, ആദരവ്, രാജ്യസേവനം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ സാംസ്കാരിക സെക്രട്ടറി ജിസ് തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.