ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഗാലറിയെ സാക്ഷിയാക്കി കിരീട വരൾച്ചക്ക് അന്ത്യം കുറിച്ച് അൽ ഗറാഫ. രാജ്യത്തെ ക്ലബ് ഫുട്ബാളിലെ ഏറ്റവും തിളക്കമേറിയ പോരാട്ടമായ അമീർ കപ്പ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിൽ അൽ റയ്യാനെ വീഴ്ത്തി അൽ ഗറാഫ കിരീടമണിയുമ്പോൾ അവസാനിക്കുന്നത് 13 വർഷത്തെ കിരീട കാത്തിരിപ്പുകൂടിയാണ്. ഖലീഫ സ്റ്റേഡിയത്തെ സജീവമാക്കിയ 38,000ത്തോളം വരുന്ന കാണികളെ സാക്ഷിയാക്കിയായിരുന്നു അൽ റയ്യാനെ 2-1ന് തോൽപിച്ച് ഗറാഫയുടെ കിരീടവിജയം.
ഖത്തർ സ്റ്റാർസ് ലീഗിൽ 2010ലും, 2012ൽ അമീർ കപ്പിലും, 2011ൽ ക്രൗൺസ് പ്രിൻസ് കപ്പിലുമായി മുത്തമിട്ട് കാത്തിരുന്ന അൽ ഗറാഫയുടെ നീണ്ടകാലത്തെ കിരീട വരൾച്ചക്കാണ് ഇത്തവണ അവസാനമായത്. ഇതിനിടയിൽ 2019ൽ നേടിയ ഖത്തർ സ്റ്റാർസ് കപ്പ് കിരീടം മാത്രമായിരുന്നു ഒരാശ്വാസം. ഇത്തവണ സ്റ്റാർസ് ലീഗിൽ മൂന്നാം സ്ഥാനത്തെത്തി മികച്ച പ്രകടം കാഴ്ചവെച്ചവർ, കോച്ച് പെഡ്രോ മാർടിനസിനു കീഴിലെ അതേ പ്രകടനം അമീർ കപ്പിലും കാഴ്ചവെച്ചു.
ക്വാർട്ടർ ഫൈനലിൽ അൽ സദ്ദിനെയും, സെമിയിൽ സലാലിനെയും വീഴ്ത്തിയ ഗറാഫ, ഫൈനലിൽ നാലാം മിനിറ്റിൽതന്നെ ഗോളുമായി കളി തങ്ങളുടേതാക്കി മാറ്റിയിരുന്നു. ആദ്യ പകുതിയിൽതന്നെ രണ്ട് ഗോൾ ലീഡ് പിടിച്ചു. രണ്ടാം പകുതിയിലെ 60ാം മിനിറ്റിൽ പ്രതിരോധ താരം ചുവപ്പുകാർഡുമായി പുറത്തായതോടെ പത്തിലേക്ക് ചുരുങ്ങിയെങ്കിലും പോരാട്ടം വീര്യം കൈവിട്ടില്ല. ഹൊസേലും, റോഡ്രിഗോ, യാസിൻ ബ്രാഹിമി തുടങ്ങിയ ഒരുപിടി താരങ്ങളുമായി ടീമിനെ കെട്ടിപ്പടുത്താണ് ഗറാഫ ഇത്തവണയെത്തിയത്.
ദോഹ: അമീർ കപ്പ് ഫുട്ബാൾ ജേതാക്കളായ അൽ ഗറാഫക്കും, റണ്ണേഴ്സ് അപ്പായ അൽ റയ്യാനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉച്ചവിരുന്ന്. ടീം അംഗങ്ങൾ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് ഉൾപ്പെടെ അംഗങ്ങൾക്കാണ് ലുസൈൽ പാലസിൽ വിരുന്നൊരുക്കിയത്. കളിക്കാരെയും അംഗങ്ങളെയും അമീർ സ്വീകരിച്ചു.
അമീർ കപ്പ് ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും ലുസൈൽ പാലസിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ടീം അംഗങ്ങൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം
ടൂർണമെന്റ് സ്പോൺസർ കമ്പനി പ്രതിനിധികൾ, പ്രമുഖ മാധ്യമ പ്രവർത്തകർ, കായിക താരങ്ങൾ എന്നിവരും പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽ ഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽ ഥാനി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.