ഐ.സി.സി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംബന്ധിച്ച വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് പി.എൻ. ബാബുരാജൻ സംസാരിക്കുന്നു
ഐ.സി.സി സ്വാതന്ത്ര്യദിന പരിപാടികൾക്ക് അൽ അറബി സ്റ്റേഡിയത്തിൽ സമാപനം
ദോഹ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് വെള്ളിയാഴ്ച പ്രൗഢോജ്ജ്വല സമാപനം. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച് 19 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വർണാഭമായ പരിപാടികളോടെ സമാപനമാവും.
വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന മെഗാ കാർണിവലിന്റെ ആകർഷണം രാജ്യാന്തര പ്രശസ്തമായ ഡാനിഷ് ഹുസൈൻ ബദായുനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഖവാലിയാണ്.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് പി.എൻ. ബാബുരാജൻ അറിയിച്ചു.
ഖത്തർ ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി പൊലീസ് വകുപ്പ് പ്രതിനിധികൾ, ഖത്തറിലെ ബിസിനസ് പ്രമുഖർ, വിവിധ കമ്യൂണിറ്റി സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
രാത്രി 11 വരെ നടക്കുന്ന സമാപന ദിന പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ ഖവാലി അവതരിപ്പിക്കുന്ന ഡാനിഷ് ഹുസൈൻ ബദായുനി ഗ്രൂപ് പര്യടനങ്ങളുടെ ഭാഗമായാണ് ഖത്തറിലെത്തുന്നത്.
മാജിക് ഷോ, ലൈവ് മ്യൂസിക്, സ്കൂൾ വിദ്യാർഥികളും വിവിധ സാമൂഹിക സംഘടനകളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ എന്നിവയോടെയാണ് ആഘോഷം.
സന്ദര്‍ശകര്‍ക്കായി ഭക്ഷണപാനീയങ്ങള്‍, തുണിത്തരങ്ങള്‍, കരകൗശല ഉല്പന്നങ്ങള് എന്നിവയുടെ സ്റ്റാളുകളും സജീവമാകും. പൊതുജനങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ ഗേറ്റ്-3ലൂടെയാണ് പ്രവേശനമെന്ന് അധികൃതർ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ 75ാം വാർഷിക ആഘോഷമായി 2021 മാർച്ചിൽ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഐ.സി.സിക്കു കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 100ലേറെ പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ സമൂഹവും വൈവിധ്യമാർന്ന ആഘോഷ പരിപാടികളോടെ പങ്കാളിയായി. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച സ്വാതന്ത്ര്യദിന പരിപാടിയിൽ വിവിധ കമ്യൂണിറ്റി സംഘടനകൾ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
അശോക ഹാളിൽ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംഘാടക കമ്മിറ്റി ചെയര്മാന് എ.പി. മണികണ്ഠന്, ഐ.സി.സി ഭാരവാഹികളായ കൃഷ്ണകുമാര്‍, കമല താക്കൂര്‍, സുബ്രഹ്മണ്യ ഹെബ്ബഗലു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.